ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് കോർപറേഷൻ നീക്കിയത് 305 ലോഡ് ചുടുകട്ട, 360 ലോഡ് മാലിന്യം

Share our post

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല നിവേദ്യത്തിന് ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോർപറേഷൻ നീക്കം ചെയ്തത് 360 ലോഡ് മാലിന്യം. ഞായറാഴ്ച വൈകിട്ട് 3 ന് ആരംഭിച്ച, 2400 തൊഴിലാളികളുടെയും 250 ഉദ്യോഗസ്ഥരുടെയും അധ്വാനം അവസാനിച്ചത് ഇന്നലെ പുലർച്ചെ രണ്ടോടെ. മാലിന്യം പൂർണമായി നീക്കിയെങ്കിലും അവിടവിടെയായി അടുക്കി വച്ചിരിക്കുന്ന ചുടുകട്ടകൾ മാറ്റുന്ന ജോലി ഇന്നും തുടരും.

വലിയ ടിപ്പർ ലോറികളിലായി 47 ലോഡ് മാലിന്യം നീക്കി എന്നാണ് കോർപറേഷന്റെ കണക്ക്. ചെറിയ ടിപ്പറിൽ 264 ലോഡും പിക് ഓട്ടോറിക്ഷയിൽ 49 ലോഡും മാലിന്യം നീക്കി. ഈഞ്ചക്കൽ, ജഗതി ഗ്രൗണ്ട്, ശാസ്തമംഗലം, കാലടി. നന്തൻകോട്,, ആറ്റുകാൽ എന്നിവിടങ്ങളിലേക്കാണ് മാലിന്യം നീക്കിയത്. ഇതിൽ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്ത ശേഷം വിറക് അവശിഷ്ടങ്ങൾ പല സമയങ്ങളിലായി കത്തിച്ച് നശിപ്പിക്കാനാണ് തീരുമാനം.

പൊങ്കാല സമർപ്പണത്തിനു ശേഷം ഭക്തർ ഉപേക്ഷിച്ച ചുടുകട്ടകൾ ജഗതി ഗ്രൗണ്ടിലാണ് സംഭരിക്കുന്നത്. പൊങ്കാല ദിവസം മാത്രം 305 ലോഡ് ചുടുകട്ട ഗ്രൗണ്ടിലേക്ക് മാറ്റിയെന്നാണ് കണക്ക്. ഇന്നലെയും പ്രവൃത്തി തുടർന്നെങ്കിലും പൂർണമായും നീക്കാനായില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് ചുടുകട്ടകളുടെ എണ്ണം കൂടിയെന്ന് തൊഴിലാളികൾ പറ​ഞ്ഞു. നഗരത്തിന്റെ എല്ലാ ഭാഗത്തു നിന്നുമായി ഇന്നോടെ എല്ലാ ചുടുകട്ടകളും നീക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.  ശേഖരിച്ച ഇഷ്ടികകൾ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് വീടു നിർമാണത്തിനായി സൗജന്യമായി വിതരണം ചെയ്യാനാണ് കോർപറേഷന്റെ തീരുമാനം.

ഇതിനായുള്ള അപേക്ഷകൾ അടുത്ത മാസം രണ്ടു വരെ മേയറുടെ ഓഫിസിൽ സ്വീകരിക്കും. ആധാർ കോപ്പി, കെട്ടിട നിർമാണ അനുവാദ പത്രത്തിന്റെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക് ഹെൽത്ത് സൂപ്പർവൈസറെ (ഫോൺ – 9946353917) ബന്ധപ്പെടണം.  അപേക്ഷകരിൽ അതി ദരിദ്ര വിഭാഗത്തിൽപെട്ടവർ, ആശ്രയ ഗുണഭോക്താക്കൾ, വിധവകൾ, ഭിന്നശേഷിക്കാർ, മാരക രോഗം ബാധിച്ചവർ, കിടപ്പു രോഗികൾ തുടങ്ങിയവർക്ക് മുൻഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!