ലോകസഭാ തെരെഞ്ഞെടുപ്പ്; മത്സരങ്ങളുമായി ജില്ലാ ഭരണകൂടം

ലോകസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസും ചേര്‍ന്ന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ‘ലോകസഭ തെരഞ്ഞെടുപ്പ് 2024- വോട്ട് ബോട്ട് മത്സരം’,ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ മത്സരം എന്നിവയാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക, വോട്ടിങിന്റെയും രജിസ്‌ട്രേഷന്റെയും പ്രസക്തിയും പ്രാധാന്യവും സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നിവയിലൂടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വോട്ട് ബോട്ട് മത്സരത്തില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനായി ഓരോ ഗ്രൂപ്പും ക്രിയേറ്റീവ് മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഒരു സെല്‍ഫി പോയിന്റായി ബോട്ട് രൂപകല്‍പ്പന ചെയ്യണം.
പങ്കെടുക്കുന്ന ഓരോ ഗ്രൂപ്പിനും ഉപയോഗശൂന്യമായ ഒരു പഴയ ബോട്ട് നല്‍കും. ബോട്ടില്‍ സെല്‍ഫികള്‍ / ഫോട്ടോകള്‍ എടുക്കുന്നതിനുള്ള കട്ടൗട്ടുകളും രൂപകല്‍പ്പന ചെയ്യണം. ഇവ പിന്നീട് പൊതുസ്ഥലങ്ങളില്‍ സെല്‍ഫി പോയിന്റുകളായി ഉപയോഗിക്കും. ഏതു പ്രായക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഓരോ ഗ്രൂപ്പിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധിയില്ല. മത്സരത്തില്‍ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. പങ്കെടുന്നവരുടെ എണ്ണം, പേരു വിവരങ്ങള്‍ എന്നിവ 8921920138 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് ചെയ്യുകയോ acutkannur@gmail.com എന്ന മെയിലില്‍ അയക്കുകയോ വേണം.
രജിസ്‌ട്രേഷനുശേഷം ഫൈബര്‍ഗ്ലാസ് ബോട്ടുകള്‍ അപേക്ഷകരുടെ സ്ഥലത്തേക്ക് എത്തിക്കും. വോട്ട് ബോട്ട് ഡിസൈന്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി മാര്‍ച്ച് ഒമ്പത്. മികച്ച രണ്ട് ബോട്ടുകള്‍ക്ക് അവാര്‍ഡ് നല്‍കുകയും കലക്ടറേറ്റ് കോമ്പൗണ്ടില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. പ്ലാസ്റ്റിക്, കുപ്പി, ചകിരി, ഇ-വേസ്റ്റ് തുടങ്ങിയ പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാലാരൂപങ്ങള്‍ തയ്യാറാക്കുന്നതാണ് ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ മത്സരം. ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും പങ്കെടുക്കാം.
പ്രായ പരിധിയില്ല. ഉയര്‍ന്ന കാലാമൂല്യമുള്ള അഞ്ച് സൃഷ്ടികള്‍ക്ക് സമ്മാനം നല്‍കും. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളുടെയും സൃഷ്ടികള്‍ സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള ജില്ലയിലെ പ്രധാന ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. പൂര്‍ത്തിയായ കാലാസൃഷ്ടികള്‍ മാര്‍ച്ച് ഒമ്പതിന് മുമ്പ് അസിസ്റ്റന്റ് കലക്ടറുടെ ഓഫീസില്‍ (സ്വീപ് നോഡല്‍ ഓഫീസര്‍) ഏല്‍പ്പിക്കണം. വിലാസം: അസിസ്റ്റന്റ് കലക്ടര്‍, കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, താവക്കര കണ്ണൂര്‍. ഫോണ്‍: 9605125092.