സ്പിന്നിങ് മില്ലിന് മുന്നിലും മുഴപ്പിലങ്ങാട്ടും: റെയിൽവേ മേൽപ്പാലത്തിന് തറക്കല്ലിടൽ ഇന്ന്

എടക്കാട്: അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന മുഴപ്പിലങ്ങാട്ടെയും ചൊവ്വ സ്പിന്നിങ് മില്ലിനു മുന്നിലെയും റെയിൽവേ മേൽപ്പാലത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
രാജ്യത്തെ 554 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനവും 1500 മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും പ്രവൃത്തി ഉദ്ഘാടനവും നിർവഹിക്കുന്നതിനൊപ്പമാണ് രണ്ട് മേൽപ്പാലങ്ങളുടെയും പ്രവൃത്തിക്ക് തുടക്കമിടുക.
മുഴപ്പിലങ്ങാട് മഠത്തിനും കുളത്തിനുമിടയിൽ നിന്നാരംഭിച്ച് ബീച്ചിലേക്ക് എത്തുന്ന വിധത്തിലാണ് മേൽപ്പാലം പണിയുന്നത്. 31.52 കോടിയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. എടക്കാട് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.
തെഴുക്കിലെപ്പീടിക-സിറ്റി റോഡിൽ സ്പിന്നിങ് മില്ലിന് മുന്നിലെ റെയിവേ ഗേറ്റിനും സൗത്ത് റെയിൽവേ സ്റ്റേഷനും ഇടയിലായാണ് മേൽപ്പാലം പണിയുന്നത്. ദേശീയപാതയിൽനിന്ന് നേരിട്ട് മേൽപ്പാലത്തിലേക്ക് കയറാനാകുന്ന വിധത്തിലായിരിക്കും നിർമാണം. 32.70 കോടിയാണ് മേൽപ്പാലത്തിന് ചെലവ് കണക്കാക്കുന്നത്. സൗത്ത് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ കൗൺസിലർമാർ പങ്കെടുക്കും. രണ്ട് മേൽപ്പാലങ്ങളും പൂർത്തിയാകുന്നതോടെ ഗേറ്റുകൾക്ക് മുന്നിലെ കാത്തിരിപ്പിന് വിരാമമാകും.
എന്നാൽ, വർഷങ്ങൾക്ക് മുൻപ് ആവശ്യമുയർന്ന ദേശീയപാതയിലെ താഴെചൊവ്വ മേൽപ്പാലത്തിനും നടാൽ മേൽപ്പാലത്തിനും അനുകൂല തീരുമാനമില്ലാത്തതിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
ജനപ്രതിനിധികൾ വേണ്ടവിധത്തിൽ പരിശ്രമിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ഇടയ്ക്കിടെ വാഹനമിടിച്ചും മറ്റും കേടാകുന്ന രണ്ട് ഗേറ്റുകളും ദിവസങ്ങളോളം അറ്റകുറ്റപ്പണിക്കായി അടച്ചിടുന്ന അവസ്ഥയുണ്ട്. ജില്ലയിൽ വാഹനവിപണന കേന്ദ്രങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഏറ്റവും കൂടുതലുള്ള ഭാഗമാണ് താഴെചൊവ്വയ്ക്കും നടാലിനുമിടയിൽ.
ആയിരക്കണക്കിന് ജീവനക്കാരും വിദ്യാർഥികളും അധ്യാപകരും നിരന്തരം കടന്നുപോകുന്ന രണ്ട് ഗേറ്റുകൾക്കും മേൽപ്പാലം വേണമെന്ന ആവശ്യം പലതവണ ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് മുൻ എടക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രവീന്ദ്രൻ പറഞ്ഞു. മേൽപ്പാലത്തിനായി പ്രാഥമിക സർവേ നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.