സ്കൂളുകളിലെ ഐ.ടി. പഠനം; ലാപ്ടോപ് ഉപയോഗത്തിൽ കേരളം മുന്നിൽ

തിരുവനന്തപുരം: സ്കൂളുകളിലെ ഐ.ടി. അധിഷ്ഠിത പഠനത്തിൽ കേരളം മുന്നിലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. അത്യാധുനിക പഠനത്തിന് ലാപ്‌ടോപ്പോ നോട്ട്ബുക്കോ ഉപയോഗപ്പെടുത്തുന്നതിലും പ്രൊജക്ടർ ലഭ്യതയിലുമൊക്കെ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം.2021-22 അധ്യയനവർഷം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂളുകളിലെ സൗകര്യങ്ങൾ വിലയിരുത്തി വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയതാണ് റിപ്പോർട്ട്.
കേരളത്തിൽ 16,420 സ്കൂളുകളുണ്ട്. ഇതിൽ 89 ശതമാനം സ്കൂളുകളിലും ലാപ്‌ടോപ്പോ നോട്ട്ബുക്കോ ഐ.ടി. പഠനത്തിനായി ലഭ്യമാണെന്നാണ് വിലയിരുത്തൽ. ദേശീയതലത്തിൽ 12.9 ശതമാനമേയുള്ളൂ. സംസ്ഥാനത്തെ 82.3 ശതമാനം സ്കൂളുകളിലും പ്രൊജക്ടർ ലഭ്യതയുണ്ട്. ദേശീയതലത്തിൽ 16.7 ശതമാനംമാത്രം. ഡിജിറ്റൽ ലൈബ്രറി ഒരുക്കിയ സ്കൂളുകളിൽ 7.4 ശതമാനം നേട്ടം കൈവരിച്ച് കേരളമാണ് മുന്നിൽ.
ചിലതിൽ മുന്നേറാൻ ഏറെയുണ്ട്
• ഡിജിറ്റൽ ബോർഡും സ്മാർട്ട് ബോർഡും വെർച്ച്വൽ ക്ലാസ് മുറികളുമൊക്കെ കണക്കിലെടുത്താൽ പശ്ചിമബംഗാളിനാണ് ഒന്നാംസ്ഥാനം.
• സർക്കാർ സ്കൂളുകളിൽ ഐ.സി.ടി. ലാബ് ഒരുക്കിയതിൽ പഞ്ചാബാണ് മുന്നിൽ-96.1 ശതമാനം. കേരളത്തിലെ സർക്കാർ സ്കൂളുകളിൽ 87.1 ശതമാനമേയുള്ളൂ. അതേസമയം, എയ്ഡഡ് സ്കൂളുകളിൽ കേരളമാണ് മുന്നിൽ-91.3 ശതമാനം. പഞ്ചാബിൽ 66 ശതമാനമേയുള്ളൂ.
•പശ്ചിമബംഗാളിലെ 94,744 സ്‌കൂളുകളിൽ 99.9 ശതമാനത്തിലും സ്മാർട്ട് ക്ലാസ് മുറികൾ സജ്ജമാക്കാനായി. പഞ്ചാബിനാണ് രണ്ടാംസ്ഥാനം-53.9 ശതമാനം. മൂന്നാമതാണ് കേരളം-38.6 ശതമാനം. ചെറുസംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണക്കാക്കിയാൽ ഡൽഹിക്കാണ് ഒന്നാംസ്ഥാനം-43.6 ശതമാനം.
• അധ്യയന ആവശ്യത്തിനായി മൊബൈൽ ഉപയോഗിക്കുന്നതിലും ബംഗാളാണ് മുന്നിൽ-99.9 ശതമാനം. കേരളത്തിൽ 23.7 ശതമാനമേയുള്ളൂ.
•സംയോജിത പഠനോപാധിയായി കംപ്യൂട്ടർ ഉപയോഗപ്പെടുത്തുന്ന സംസ്ഥാനങ്ങളിൽ ഗുജറാത്താണ് മുന്നിൽ-22.7 ശതമാനം. പഞ്ചാബിൽ 21.1 ശതമാനം. ഈ മേഖലയിൽ 16.4 ശതമാനം നേട്ടം കൈവരിച്ച തമിഴ്‌നാട്ടിനെക്കാൾ പിന്നിലാണ് കേരളം-13 ശതമാനംമാത്രം.