കോഴിക്കോട് തലയ്ക്ക് പരിക്കേറ്റ് വീട്ടമ്മ മരിച്ച സംഭവം; മകൻ അറസ്റ്റിൽ

Share our post

ബാലുശ്ശേരി: തലയ്ക്ക് പരിക്കേറ്റ് ഉണ്ണികുളം കരിയാത്തൻകാവ് സ്വദേശിനിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ മകനെ ബാലുശ്ശേരി പോലീസ് അറസ്റ്റുചെയ്തു. കരിയാത്തൻകാവ് കുന്നുമ്മൽ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) തലയ്ക്ക് പരിക്കേറ്റ് മരിച്ച സംഭവത്തിലാണ് മകൻ മണികണ്ഠൻ (31) അറസ്‌റ്റിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, അമ്മിണിയെ തലയ്ക്ക് പരിക്കേറ്റനിലയിൽ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച 20-ന് വീട്ടിൽ കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് പരിഹരിക്കുന്നതിനായി ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. തുടർന്ന് ഉച്ചഭക്ഷത്തിനുശേഷം അറസ്റ്റിലായ മകൻ മണികണ്ഠൻ ഉൾപ്പെടെ മദ്യം കഴിച്ചിരുന്നു.

മദ്യലഹരിയിൽ ഉറഞ്ഞുതുള്ളുന്ന രീതിയിൽ പെരുമാറിയ മണികണ്ഠൻ വീട്ടുമുറ്റത്തെ ഗുളികൻതറയിൽനിന്ന് കരിങ്കല്ലുംമറ്റും പൊളിച്ച് ചുറ്റിലും എറിഞ്ഞു. ഇങ്ങനെ എറിഞ്ഞ കല്ലുകളിൽ ഒന്ന് അമ്മയായ അമ്മിണിയുടെ തലയ്ക്ക് കൊള്ളുകയായിരുന്നു. ഈ പരിക്കാണ് അമ്മിണിയുടെ മരണത്തിനിടയാക്കിയത്. 22-നാണ് മരണം സംഭവിച്ചത്.

കൊലപാതകം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ചെയ്തതല്ലെന്നും അബദ്ധത്തിൽ സംഭവിച്ച പിഴവാണ് മരണത്തിൽ കലാശിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പുകൾ ചേർത്താണ് മണികണ്ഠനെ അറസ്റ്റുചെയ്തത്.

പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബാലുശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ്‌ കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രാഥമികാന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!