ഭൂമിദാന പദ്ധതിയുമായി തലശേരി അതിരൂപത

Share our post

തലശേരി: തലശേരി അതിരൂപതയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വന്തമായി സ്ഥലമില്ലാത്ത ഭവനരഹിതർക്ക് ഭൂമി ദാനം ചെയ്ത് തലശേരി അതിരൂപത. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സുമനസുകളായ ആളുകളും തലശേരി സോഷ്യല്‍ സർവീസ് സൊസൈറ്റിയും അതിരൂപതയുടെ ഇടവകകളും വിവിധ പ്രസ്ഥാനങ്ങളും ചേർന്നാണു ഭൂമിദാന പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനുളളില്‍ 132 കുടുംബങ്ങള്‍ക്കായി 10 ഏക്കർ 30 സെന്‍റ് സ്ഥലം വീതിച്ചുനല്‍കിയെന്ന് ആർച്ച്‌ ബിഷപ് മാർ ജോസഫ് പാംപ്ലാനി പത്രസമ്മേളനത്തില്‍ അറിയിച്ചു.അതിരൂപത  2018ല്‍ ആരംഭിച്ച മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി 786 വീടുകള്‍ പൂർത്തീകരിച്ചു നല്‍കി.

തലശേരി സോഷ്യല്‍ സർവീസ് സൊസൈറ്റി 108 ഓളം വീടുകള്‍ പണിതു നല്‍കി. ഇതിനിടയില്‍ സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ വീടു പണിയാൻ സാധിക്കാത്ത നിരവധി കുടുംബങ്ങള്‍ സഹായ അഭ്യർഥനയുമായി വന്നു. അവരെ സഹായിക്കാനാണ് ഭൂദാന പദ്ധതി ആരംഭിച്ചത്. എല്‍.സി ജോസ് മുണ്ടിയാനിയില്‍ ഒന്നേമുക്കാല്‍ ഏക്കർ സ്ഥലവും സണ്ണി പൊട്ടയ്ക്കല്‍, സജിൻ മാത്യു മലേപ്പറന്പില്‍, സജീവ് മറ്റത്തില്‍ എന്നിവർ ഒരേക്കർ സ്ഥലം വീതവും ദാനം ചെയ്തു. ബെഡൂർ സെന്‍റ് ജോസഫ്സ് പള്ളി ഒരേക്കറും പെരുന്പടവ് സെന്‍റ് ജോസഫ് പള്ളി ഒന്നര ഏക്കർ സ്ഥലവും കോളങ്ങാട് കുരിശുപള്ളി അരയേക്കർ സ്ഥലവും ദാനം ചെയ്തു.

ജോസ് മഠത്തിമ്യാലില്‍ 60 സെന്‍റ് സ്ഥലവും അഡ്വ. ജസ്റ്റി പെരുന്പനാനി 40 സെന്‍റ് സ്ഥലവും ഡി.എം കോണ്‍വെന്‍റ് 25 സെന്‍റ് സ്ഥലവും തങ്കച്ചൻ കോയിക്കല്‍ 24 സെന്‍റ് സ്ഥലവും തലശേരി സോഷ്യല്‍ സർവീസ് സൊസൈറ്റി 15 സെന്‍റ് സ്ഥലവും നല്‍കി.മിക്ക സ്ഥലങ്ങളിലും ഇടവകകള്‍ തന്നെ വീടു നിർമിച്ച്‌ നല്‍കിക്കഴിഞ്ഞു.

ജാതിയോ മതമോ നോക്കാതെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് പത്രസമ്മേളനത്തില്‍ ആർച്ച്‌ ബിഷപ് മാർ ജോസഫ് പാംപ്ലാനി, ടി.എസ്‌.എസ്‌.എസ് ഡയറ‌ക്‌ടർ ഫാ. ബെന്നി നിരപ്പേല്‍, അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍, സ്ഥലം നല്‍കുന്ന ഡോ. സജീവ് മറ്റത്തില്‍, ടി.എസ്‌.എസ്‌.എസ് അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ബിബിൻ വരന്പകത്ത്, ദീപിക കണ്ണൂർ റസിഡന്‍റ് മാനേജർ ഫാ. ജോബിൻ വലിയപറമ്പില്‍, നവാസ് മേത്തർ, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോർജ് തയ്യില്‍, അഡ്വ. ബിനോയി തോമസ് എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!