പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടി കൊണ്ട് പോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും. പത്തനംതിട്ട മലയാളപ്പുഴ പുതുകുളം ഏറം വട്ടത്തറ കുമ്പഴ എസ്റ്റേറ്റ് പത്താം ലൈൻ ക്വാർട്ടേഴ്സിലെ വിഷ്ണു വിൽസൺ (25) നെയാണ് കോടതി ശിക്ഷിച്ചത്.
31വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. പിഴ തുക അതിജീവിതക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ 12 മാസം അധിക തടവ് അനുഭവിക്കണം. 2017 ൽ നടന്ന സംഭവത്തിലാണ് കോടതി വിധിയുണ്ടായത്.
പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ഇയാളുടെ പത്തനംതിട്ടയിലെ വീട്ടിലെത്തിച്ച് ഭക്ഷണം നൽകാതെ ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ഗർഭിണിയായി. പിന്നീട് പോലീസിൽപരാതി നൽകി. പ്രതിയുടെയും ജനിച്ച കുഞ്ഞിന്റെയും രക്ത സാമ്പിളുകൾ ഡി.എൻ.എ പരിശോധന ഒന്നാണെന്ന് തെളിഞ്ഞു.