ആറളം പുനരധിവാസ മേഖലയില്‍ നിര്‍മിച്ച ആന പ്രതിരോധവേലി നോക്കുകുത്തി

ആറളം ഫാം: നബാർഡിന്‍റെ സഹായത്തോടെ ലക്ഷങ്ങള്‍ മുടക്കി ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ നിർമിച്ച ആന പ്രതിരോധവേലി നോക്കുകുത്തി. ബ്ലോക്ക് 10ലെ കോട്ടപ്പാറ ഉള്‍പ്പെടെയുള്ള പ്രദേശത്ത് കാട്ടാനകള്‍ വീട്ടുമുറ്റത്ത് വരെയെത്തി കൃഷികള്‍ നശിപ്പിക്കുന്ന സാഹചര്യമാണ്. നബാർഡ് ആദിവാസി വികസന ഫണ്ടില്‍ നിന്ന് തുക വകയിരുത്തി 25 ലക്ഷം രൂപ മുടക്കി അഞ്ചു കിലോമീറ്റർ ദുരത്ത് പ്രതിരോധ വേലി നിർമിച്ചിരുന്നു.
51 ഏക്കർ കൃഷിയിടവും നാല്പതോളം വീടുകളും ഉള്‍പ്പെടുന്ന പ്രദേശത്താണ് സോളാർ തൂക്ക് വൈദ്യുത വേലി നിർമിച്ചത്. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ സോളാർ വേലിയില്‍ തട്ടിയാല്‍ അതില്‍ നിന്നും ശബ്ദം പുറപ്പെടുവിച്ച് താമസക്കാർക്ക് ജാഗ്രത നിർദേശം നല്‍കുന്ന രീതിയിലായിരുന്നു ഇവയുടെ നിർമാണ രീതി.
സെന്‍റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെന്‍റിന്‍റെ സാങ്കേതിക സഹായത്തോടെ സോളാർ ഫെൻസിംഗ് നിർമാണ കമ്മിറ്റിക്കായിരുന്നു നിർമാണ ചുമതല. തുടക്കത്തില്‍ കാട്ടാനകളെ ഫലപ്രദമായി തടയുന്നതിന് വേലിക്ക് സാധിച്ചു പിന്നീട് ബാറ്ററിയും മറ്റ് സാങ്കേതിക തകരാറും കാരണം വേലികള്‍ പ്രവർത്തിക്കാതെ വന്നതോടെ കാട്ടാനകള്‍ പലയിടങ്ങളിലായി സോളാർ വൈദ്യുത വേലി തകർത്ത് വീണ്ടും കൃഷിയിടങ്ങളില്‍ പ്രവേശിച്ച് തുടങ്ങി.
മറ്റ് പല സ്ഥലങ്ങളിലും മരങ്ങള്‍ വീണ് വേലി തകർന്നതോടെ പദ്ധതി പൂർണമായും പ്രവർത്തന രഹിതമാകുകയായിരുന്നു.ലക്ഷങ്ങള്‍ മുടക്കി നിർമിച്ച വേലി അറ്റകുറ്റപ്പണികള്‍ തീർത്ത് പ്രവർത്തന ക്ഷമമാക്കാൻ പിന്നീടാരും ശ്രമിച്ചതുമില്ല. പലയിടങ്ങളിലും ഇവ സ്ഥാപിച്ച പൈപ്പുകളും കമ്ബികളും താഴെവീണ് നശിച്ച നിലയിലാണ്. അറ്റകുറ്റപ്പണികള്‍ ചെയ്യാൻ മേഖലയിലെ താമസക്കാരുടെയും നിർമിച്ചവരുടെയും കൈവശം പണമില്ല. കൃത്യമായ ആസൂത്രണം ഇല്ലാതെ നടത്തുന്ന തട്ടിക്കൂട്ട് വികസനത്തിലൂടെ ഫാമിനുള്ളില്‍ ലക്ഷങ്ങള്‍ പാഴാകുകയാണ്. ആറളം ഫാമില്‍ നിന്നും ആനകളെ തുരത്തുമ്ബോള്‍ കാട്ടിലേക്ക് ഓടിച്ചുവിടേണ്ടത് ഇതു വഴിയാണ്. വനമേഖലയോട് വനമേഖലയോട് ചേർന്ന പ്രദേശം കൂടിയാണ് കോട്ടപ്പാറ.