ചെറിയ പനിയും ജലദോഷവുമായി തുടക്കം, മാറാതെ ചുമയും ശ്വാസംമുട്ടലും

Share our post

കണ്ണൂർ: വൈറസ്ബാധ കാരണമുള്ള മാറാത്ത ചുമ വ്യാപകമാവുന്നു. ബാക്ടീരിയ ഉണ്ടാക്കുന്ന വില്ലൻചുമയെപ്പോലെ ‘100 ദിന ചുമ’ എന്നാണിപ്പോൾ ഇതിനെ വിളിക്കുന്നത്. കിടത്തിച്ചികിത്സ വേണ്ടിവരുന്നില്ലെങ്കിലും ദൈനംദിന ജീവിതത്തെ ഇത് വല്ലാതെ ബാധിക്കുന്നു.

അനിയന്ത്രിത ചുമ പ്രായമായവരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ അറിയാതെ മൂത്രംപോകാൻ ഇടയാക്കുന്നു. പലരും ഇതിനും ചികിത്സതേടി എത്തുന്നുണ്ട്. ചുമ കാരണം നെഞ്ചിൻകൂടിൽ വേദന അനുഭവിക്കുന്നവരുണ്ട്. ചുമച്ച് തലകറക്കം വരുന്നവരുമുണ്ട്.

ചെറിയ പനിയും ജലദോഷവുമായാണ് രോഗം തുടങ്ങുന്നത്. പനി മാറിയാലും പലരിലും ചുമയും ശ്വാസംമുട്ടലും വലിവും മാറാതെ നിൽക്കുകയാണ്. ആസ്ത്മയുള്ളവരിൽ സ്ഥിതി വഷളാവുന്നു. മറ്റു ചിലരിൽ ആസ്ത്മയ്ക്ക് സമാന ലക്ഷണങ്ങളും ഉണ്ടാകുന്നു.

വൈറസുകളുടെ നിര

വിവിധതരം ഇൻഫ്ലുവൻസ വൈറസ്, പാര ഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യൽ വൈറസ്, അഡിനോ വൈറസ് എന്നിവയെല്ലാം രോഗകാരണമാവുന്നു. വൈറസ്ബാധ ശ്വാസനാളികളുടെ നീർക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.

അതുമൂലമുണ്ടാകുന്ന ബ്രോങ്കൈറ്റിസ്, ഫാരിൻജൈറ്റിസ്, ബ്രോങ്കിയോലൈറ്റിസ് എന്നിവയൊക്കെ വിട്ടുമാറാത്ത ചുമയ്ക്ക് കാരണമാവാം.

സ്വയംചികിത്സ വേണ്ടാ

ഡോക്ടറുടെ നിർദേശമില്ലാതെ ചുമ മരുന്നുകൾ വാങ്ങിക്കഴിക്കരുത്. വൈറസ് രോഗമായതിനാൽ ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല. പൊടിപടലങ്ങളിൽനിന്ന്‌ മാറിനിൽക്കണം.

പിടിച്ചുനിർത്താൻ കഴിയാത്ത ചുമ

മാസങ്ങളായിട്ടും ചുമ മാറാതെ അനവധി രോഗികൾ എത്തുന്നുണ്ട്. പിടിച്ചുനിർത്താൻ കഴിയാത്ത ചുമ ആളുകളെ വല്ലാത്ത ബുദ്ധിമുട്ടിലാക്കുന്നു. വൈറസ്ബാധ ആസ്ത്മ വഷളാകാനും ആസ്ത്മ ഇല്ലാത്തവരിൽ സമാന ലക്ഷണങ്ങൾ വരാനും വഴിയൊരുക്കുന്നു.

ഡോ. പി.എസ്. ഷാജഹാൻ, പ്രൊഫസർ, പൾമണറി മെഡിസിൻ, ഗവ.ടി.ഡി. മെഡി. കോളേജ്, ആലപ്പുഴ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!