നഴ്‌സിങ് പാസായ പട്ടികജാതിക്കാർക്ക് സർക്കാർ ആസ്പത്രികളിൽ പരിശീലനം

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട നഴ്സിങ്, പാരാമെഡിക്കൽ ബിരുദ, ഡിപ്ലോമ ധാരികൾക്ക് സർക്കാർ ആസ്പത്രികളിൽ പരിശീലനം നൽകും. ആദ്യഘട്ടത്തിൽ 400 പേർക്കാണ് അവസരം. പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുകയെന്നും പട്ടികവിഭാഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സർക്കാർ സംവിധാനത്തിലെ പ്രായോഗിക പരിശീലനവും അറിവും ഉപയോഗപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട തൊഴിൽ മേഖലകളിലേക്ക് ഉദ്യോഗാർഥികൾക്ക് പ്രവേശിക്കാൻ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് മെഡിക്കൽ കോളേജ് ആസ്പത്രി, ജനറൽ ആസ്പത്രികൾ, ജില്ലാ ആസ്പത്രി, താലൂക്ക് ആസ്പത്രികൾ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലാകും നിയമനം. ഓണറേറിയത്തിനൊപ്പം യൂണിഫോം അലവൻസും ഇവർക്ക് നൽകും. നഴ്സിങ് ബിരുദമുള്ളവരെ അപ്രന്റീസ് നഴ്സായും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ കോഴ്സുകൾ പാസായവരെ പാരാമെഡിക്കൽ അപ്രന്റിസായും നിയമിക്കും. അടുത്ത സാമ്പത്തിക വർഷംമുതൽ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പട്ടികവർഗ വികസന വകുപ്പിൽ സമാന പദ്ധതി ആരംഭിച്ച് 250 പേരെ പരിശീലനത്തിന് നിയോഗിച്ചിട്ടുണ്ട്.