പ്രതീക്ഷയോടെ മത്സ്യമേഖല: ഫിഷറീസിൽ ഇന്നോവേഷൻ കൗൺസിൽ

Share our post

കണ്ണൂർ: മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിൽ ചെയ്യുന്നവർക്കും അവസരങ്ങളും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുന്നതിനായി ഫിഷറീസ് വകുപ്പ് ഇന്നോവേഷൻ കൗൺസിൽ രൂപീകരിക്കുന്നു.ജില്ലയിലെ ഏഴായിരത്തോളം വരുന്ന മത്സ്യതൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും കൗൺസിൽ ഏകജാലക സംവിധാനമെന്ന നിലയിൽ ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.

ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും പുതിയ സംരംഭകർക്ക് പ്രോത്സാഹനം നൽകിയും മേഖലയിൽ ഒരു നൂതന വ്യവസായാന്തരീക്ഷം സൃഷ്ടിക്കാനാണ് ഫിഷറീസ് ഇന്നോവേഷൻ കൗൺസിൽ രൂപീകരിക്കുന്നത്.മത്സ്യബന്ധന ,​മത്സ്യസംസ്‌കരണ മേഖലയെ മികച്ച വരുമാനദായക മേഖലയാക്കി മാറ്റുന്നതിനും സംരംഭകത്വ പ്രോത്സാഹനം നൽകുന്നതിനും നിലവിൽ മതിയായ സംവിധാനങ്ങളില്ലാത്ത സാഹചര്യത്തിലാണ് കൗൺസിൽ രൂപീകരിക്കുന്നത്.

 

ഫെസിലിറ്റേഷൻ സെന്ററാകും

ഫിഷറീസ് വകുപ്പ്, വ്യവസായ വകുപ്പ്, കെഡിസ്‌ക്, നോളജ് മിഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, ആർ.ആൻഡ്.ഡി ഇൻസ്റ്റിറ്റ്യൂട്ടുകൾ, മത്സ്യമേഖലയിലെ ശാസ്ത്രജ്ഞർ, വിദഗ്ധർ, കയറ്റുമതിക്കാർ എന്നിവരുൾപ്പെട്ട ഒരു പ്രധാന ഫെസിലിറ്റേഷൻ കേന്ദ്രമായി ഫിഷറീസ് ഇന്നൊവേഷൻ കൗൺസിൽ പ്രവർത്തിക്കും.മത്സ്യബന്ധന അനുബന്ധ മേഖലകളിൽ സ്റ്റാർട്ട് അപ്പുകൾ ,വ്യവസായ സംരഭകർ,നിക്ഷേപകർ എന്നിവർക്ക് കൂടുതൽ അവസരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കുകൂട്ടൽ.ഇതിനായി മത്സ്യബന്ധന മേഖലയിൽ സാദ്ധ്യമായ എല്ലാ വിഭവസ്രോതസ്സുകൾ പ്രയോജനപ്പെടുത്തും. ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ച് പ്രയോജനപ്പെടുത്തി മത്സ്യബന്ധനമേഖലയെ വാണിജ്യവത്ക്കരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

 

ലക്ഷ്യം സംരംഭകത്വ -തൊഴിൽ അവസരങ്ങൾ

ഗവേഷണ സ്ഥാപനങ്ങൾ സ്റ്റാർട്ട് അപ്പുകൾ ,ചെറുകിട സംരംഭകർ,നിക്ഷേപകർ തമ്മിൽ ആശയ വിനിമയം

സാങ്കേതിക വിദ്യ വികസിപ്പിക്കുകയും വാണിജ്യവൽക്കരിച്ച് സംരഭകത്വ -തൊഴിൽ അന്വേഷകർക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ഏകജാലക സംവിധാനം

 

നോർവേ, വിയത്‌നാം മോഡൽ

കേരളീയം പരിപാടിയുടെ ഭാഗമായി മത്സ്യബന്ധന വകുപ്പ് വിദേശ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച സെമിനാറിൽ ഇതുസംബന്ധിച്ച ആശയം ഉയർന്നിരുന്നു.നോർവെ, വിയത്‌നാം തുടങ്ങിയ രാജ്യങ്ങളിലെ മത്സ്യ ഉത്പ്പാദന സംസ്‌ക്കരണ മേഖലകളിലെ ആധുനിക സാങ്കേതിക വിദ്യകളും ആത്യാധുനിക ഉപകരണങ്ങളും സംസ്ഥാനത്തെ മത്സ്യ മേഖലയ്ക്ക് പ്രയോജനപ്പെടുത്താനും ആലോചനയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!