വലിയ വാഹനമായതുകൊണ്ട് മാത്രം ഡ്രൈവർ കുടുങ്ങില്ല; ലൈസന്‍സ് സസ്പെൻഷന് പുതിയ മാര്‍ഗരേഖ

Share our post

നിയമലംഘനങ്ങള്‍ നടത്തുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്ന നടപടിക്ക് പുതിയ മാര്‍ഗരേഖവരുന്നു. നിലവില്‍ പോലീസിന്റെ എഫ്.ഐ.ആര്‍. മാത്രം കണക്കാക്കിയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്. ഇതുമാത്രം മാനദണ്ഡമാക്കേണ്ടതില്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. ഇത്തരം സംഭവങ്ങളില്‍ വകുപ്പും സ്വതന്ത്ര അന്വേഷണം നടത്തും.

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യേണ്ട കുറ്റമാണെന്ന് നേരിട്ടുറപ്പാക്കിയിട്ടേ തുടര്‍നടപടികളിലേക്ക് കടക്കൂ. രണ്ടുവാഹനങ്ങള്‍ അപകടത്തില്‍പെടുമ്പോള്‍ വലിയവാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരേയായിരിക്കും മിക്കപ്പോളും പോലീസ് എഫ്.ഐ.ആറില്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍. അപകടമുണ്ടാക്കിയതും അപകടത്തിനിടയാക്കിയതുമായ സാഹചര്യവും പശ്ചാത്തലവും പലപ്പോഴും പരാമര്‍ശിക്കണമെന്നില്ല.

ചെറിയവാഹനം വന്നിടിച്ചിട്ടുപോയാലും ലൈസന്‍സ് പോകുന്നത് പലപ്പോഴും വലിയവാഹനമോടിച്ച ഡ്രൈവറുടേതാണെന്ന ആക്ഷേപം വ്യാപകമാണ്. ചെറിയ കുറ്റങ്ങളിലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നുവെന്ന പരാതികളുമുണ്ട്.

ഈ സാഹചര്യത്തിലാണ് അപകടക്കേസുകളില്‍ മോട്ടോര്‍വാഹനവകുപ്പും സ്വന്തമായി അന്വേഷണം നടത്തുന്നത്. ലൈസന്‍സുകള്‍ താത്കാലികമായാണ് സസ്‌പെന്‍ഡ് ചെയ്യുന്നത്. കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ച് മൂന്നുമാസംമുതല്‍ മുകളിലേക്ക് ഇത് നീളാം.

സസ്‌പെന്‍ഷന്‍ കാലാവധികഴിഞ്ഞ് ലൈസന്‍സ് തിരികെലഭിക്കണമെങ്കില്‍ കുറെ നടപടിക്രമങ്ങള്‍ പാലിക്കണം. പ്രതിമാസം സംസ്ഥാനത്ത് ആയിരക്കണക്കിന് ലൈസന്‍സുകളാണ് സസ്‌പെന്‍ഡ് ചെയ്യുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!