ചാലിയാറിൽ വിദ്യാർഥിനി മുങ്ങിമരിച്ച സംഭവം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

കൊണ്ടോട്ടി : വാഴക്കാട് വെട്ടത്തൂർ സ്വദേശിയായ വിദ്യാർഥിനി ചാലിയാറിൽ മുങ്ങിമരിച്ച സംഭവത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി. സിദ്ദീഖ് അലിയെ (43)യാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ചാലിയാറിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. പെൺകുട്ടിയെ കരാട്ടെ പരിശീലകൻ പീഡിപ്പിച്ചെന്നാണ് ആരോപണം. പരാതി നൽകാനിരിക്കേ നടന്ന വിദ്യാർഥിനിയുടെ മരണം ആത്മഹത്യയല്ലെന്നാണ് കുടുംബം പറയുന്നത്. ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ട് വാഴക്കാട് പൊലീസിൽ പരാതി നൽകിയതിന്റെ അടസ്ഥാനത്തിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. 2020 മുതൽ ഇയാളുടെ അടുക്കലാണ് പെൺകുട്ടി കരാട്ടെ പരിശീലനം നടത്തിയിരുന്നത്. അധ്യാപകൻ മറ്റു വിദ്യാർഥിനികളെയും ശാരീരികമായി ഉപദ്രവിച്ചിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.