ആര്‍.സി.ബുക്ക് വരുന്നില്ല, ഇന്‍ഷൂറന്‍സും മാറ്റവും നടക്കില്ല; സെക്കന്റ്ഹാന്‍ഡ് വാഹനവിപണിയും തളരുന്നു

മോട്ടോര്‍ വാഹനവകുപ്പിലെ പ്രതിസന്ധി മൂലം, യൂസ്ഡ് വാഹനവിപണിയിലെ സംരഭകര്‍ കളമൊഴിയുന്നു. ആര്‍.സി.ബുക്ക്, ലൈസന്‍സ് തുടങ്ങിയവയുടെ പ്രിന്റിങ് മുടങ്ങിയതാണ് ഈ മേഖലയെയും തളര്‍ത്തിയത്. കോവിഡ് കാലത്താണ് യൂസ്ഡ് വാഹനവിപണി ഏറെ സജീവമായത്.
അതിനുമുമ്പ് കേരള സ്റ്റേറ്റ് യൂസിഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷനില്‍ (കെ.എസ്.യു.വി.ഡി.ബി.എ.) 15,000 പേരാണ് രജിസ്റ്റര്‍ചെയ്തിരുന്നത്. കോവിഡിനുശേഷം അംഗസംഖ്യ 40,000 ആയി. വിദേശജോലി നഷ്ടപ്പെട്ടവരും നാട്ടിലെ പല ജോലികളും ഉപേക്ഷിക്കേണ്ടിവന്നവരും ഈ രംഗത്തിറങ്ങിയതാണ് കാരണം. എന്നാല്‍, രണ്ടുമാസത്തിനിടെ 1200 പേര്‍ ഈ സംരംഭം ഉപേക്ഷിച്ചെന്ന്് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
പ്രശ്‌നങ്ങള്‍
• വാഹനവകുപ്പിലെ പ്രതിസന്ധിയാണ് വലിയപ്രശ്‌നം. വിറ്റ വാഹനങ്ങളുടെ ആര്‍.സി. ബുക്ക് മാറ്റിക്കൊടുക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് ഇന്‍ഷുറന്‍സ് രേഖകളില്‍ മാറ്റംവരുത്താനും കഴിയുന്നില്ല. ഫിനാന്‍സ് സൗകര്യംചെയ്ത് വാഹനങ്ങള്‍ വില്ക്കാനും സാധിക്കില്ല.
• വാഹനം ഡീലര്‍വഴി വിറ്റാലും ആര്‍.സി. ബുക്ക് മാറാത്തതിനാല്‍ എ.ഐ. ക്യാമറകളുടെ പിഴ സംബന്ധിച്ചവിവരം പഴയ ആര്‍.സി. ഉടമസ്ഥന്റെ വിലാസത്തിലേക്ക് പോകുന്നു. ഇത് വിറ്റയാളും ഡീലര്‍മാരും തമ്മില്‍ വാക്കുതര്‍ക്കത്തിനിടയാക്കുന്നു.
• ചെറിയ ചരക്കുവാഹനങ്ങളുടെ കച്ചവടംനിന്നു. സംസ്ഥാനത്തിന് പുറത്തേക്ക് ചരക്കുമായി പോകണമെങ്കില്‍ പ്രത്യേക പെര്‍മിറ്റ് എടുക്കണം. അതിന് ഒര്‍ജിനല്‍ ആര്‍.സി. ബുക്കും മറ്റുരേഖകളും ഹാജരാക്കണം.
• ഇ-ചെല്ലാന്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ആര്‍.സി. ഉടമയുടെ ഫോണിലേക്ക് എത്തുന്ന ഒ.ടി.പി. നമ്പര്‍ ആവശ്യമാണ്. പഴയ ഉടമകളുടെ ഫോണ്‍ നമ്പരുകളിലെത്തുന്ന ഒ.ടി.പി. കൈമാറിക്കിട്ടുന്നില്ല. പല നമ്പരും നിലവിലില്ലാത്തതാണ്.
• പിഴകളെല്ലാം അടച്ചുവേണം വാഹനം വില്ക്കാന്‍. മജിസ്‌ട്രേറ്റ് കോടതിയിലേക്ക് പോയിട്ടുള്ള പിഴ അടയ്ക്കാന്‍ ഏകജാലക സംവിധാനമില്ല.
നിവേദനം നല്കി കാത്തിരിക്കുന്നു
വിപണി നിശ്ചലമായ സ്ഥിതിയാണ്. മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്കിയിട്ടുണ്ട്.
അനില്‍ വര്‍ഗീസ്, സംസ്ഥാന പ്രസിഡന്റ്, യൂസിഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍.