1000 ഐസ്ക്രീം വേണമെന്ന് ഓർഡർ, പിന്നാലെ ഗൂഗിൾ പേ നമ്പർ ആവശ്യപ്പെട്ടു: ഓൺലൈൻ തട്ടിപ്പ് തുടരുന്നു

Share our post

മട്ടന്നൂർ: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടാനുള്ള ഓൺലൈൻ തട്ടിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം മട്ടന്നൂരിലെ ഒരു വ്യാപാരിയെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജാഗ്രത പുലർത്തിയതിനാൽ പണം നഷ്ടമായില്ല. മട്ടന്നൂർ എയർപോർട്ടിൽ നിന്ന് ആർമി ഓഫിസർ എന്ന നിലയിൽ കച്ചവട സ്ഥാപനത്തിലേക്ക് ഫോൺ വിളി വന്നു. കടയുടെ വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷം പരിപാടിക്കു വേണ്ടി 1000 ഐസ്ക്രീം വേണമെന്ന് ഓർഡർ ചെയ്തു. അൽപസമയത്തിനുള്ളിൽ ഒരു ക്യാപ്റ്റന്റെ ആധാർ കാർഡും അഡ്രസ്സും അയച്ചു തന്നു.

അഡ്വാൻസ് തുക നൽകുന്നതിനായി ബാങ്ക് ഡീറ്റെയിൽസ് ആവശ്യപ്പെട്ടു. പിന്നീട് ഗൂഗിൾ പേ നമ്പർ ആവശ്യപ്പെടുകയും പേയ്മെന്റ് നടത്തുന്നതിനായി സീനിയർ ആർമി ഓഫിസർ വിളിക്കുമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയും ചെയ്തു.

അൽപസമയത്തിനകം മറ്റൊരു ആർമി ഓഫിസർ എന്ന പേരിൽ ആധികാരികമായി സംസാരിക്കുകയും ഓർഡർ തന്ന ആളെപ്പറ്റിയും ഷോപ്പിന്റെ ഡീറ്റെയിൽസിനെപ്പറ്റിയും സംസാരിച്ച ശേഷം അഡ്വാൻസ് പേയ്‌മെന്റ് അയക്കാം എന്ന് പറഞ്ഞു.

ഗൂഗിൾ നമ്പർ കൺഫർമേഷൻ വേണ്ടി ഒരു രൂപ അയക്കാൻ ആവശ്യപ്പെടുന്നു. സാധാരണ ചെയ്യുന്ന പ്രോസസ് ആയതിനാൽ അവരുടെ നമ്പർ ചോദിച്ചപ്പോൾ അതിനുപകരം അവർ ഒരു ക്യു ആർ കോഡ് അയച്ചു. ആർമിയുടെ ചെക്ക് കോഡ് ആണ് എന്ന് ബോധ്യപ്പെടുത്തി സംസാരിച്ചു. വ്യാപാരി ഒരു രൂപ അയച്ചപ്പോൾ 2 രൂപ തിരികെ അയച്ചു അയച്ചു നമ്പർ ഉറപ്പു വരുത്തി.

പിന്നെയാണ് തട്ടിപ്പിലേക്ക് കടക്കുന്നത്. പിന്നീട് അഡ്വാൻസ് പേയ്‌മെന്റ് 22,500 രൂപ വ്യാപാരിയുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്നും ആർമി അക്കൗണ്ട് ആയതിനാൽ അത് സ്വീകരിച്ചാൽ മാത്രമേ അക്കൗണ്ടിലേക്ക് കയറുള്ളൂ എന്നും പറഞ്ഞു. കാഷ് വന്നില്ല എന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ 22,500 ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻഷോട്ട് അയച്ചു നൽകി.

അത് അവരുടെ അക്കൗണ്ടിൽ നിന്നു പോയിട്ടുണ്ടെന്നും സ്വീകരിച്ചില്ലെങ്കിൽ നഷ്ടപ്പെടും എന്നുമായി മറുപടി. വ്യാപാരി അതു സമ്മതിക്കില്ല എന്ന് ബോധ്യം വന്നതോടുകൂടി ആർമി ഓഫിസറാണ് നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. ഇതിനോടകം തന്നെ തട്ടിപ്പ് മനസ്സിലാക്കിയ വ്യാപാരി തന്റെ പണം മുഴുവൻ വേറെ അക്കൗണ്ടിലേക്ക് മാറ്റിയതിനാൽ പണം നഷ്ടമായില്ല. പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. സമാനമായ തട്ടിപ്പുകൾ പെട്രോൾ പമ്പുകളിലും നടന്നിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!