മൂക്കുപൊത്തിക്കോ; റോഡരികിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി

കണ്ണൂർ: കന്റോൺമെന്റ് പരിധിയിലെ ഫയർ സ്റ്റേഷൻ– അഞ്ചുകണ്ടി റോഡരികിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. മാലിന്യം റോഡരികിൽ കുമിഞ്ഞു കൂടി ഇതുവഴി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഫയർ സ്റ്റേഷൻ ജംക്‌ഷനിൽ നിന്നും അഞ്ചുകണ്ടി ഭാഗത്തേക്കുള്ള ശ്മശാന റോഡിലാണ് ഈ ദുരിത കാഴ്ച. കോർപറേഷൻ പരിധിയിൽ നഗരത്തിലും സമീപ പ്രദേശങ്ങളിലും കൂടുതൽ സി.സി.ടി.വി ക്യാമറകൾ മിഴി തുറന്നതോടെയാണ് കോർപറേഷൻ പരിധിയിൽ ഉൾപ്പെടാത്ത ഇടങ്ങളിലേക്ക് മാലിന്യം തള്ളുന്നത് വ്യാപകമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശുചീകരണ തൊഴിലാളികൾ ഏതാനും ഭാഗത്തെ മാലിന്യം നീക്കം ചെയ്തുവെങ്കിലും ഖര മാലിന്യങ്ങൾ ഇവിടെ തന്നെ കൂട്ടിയിട്ട നിലയിലാണ്. മാലിന്യം നിറഞ്ഞ് പ്രദേശമാകെ ദുർഗന്ധം വമിക്കുന്ന അവസ്ഥയാണ്. തെരുവുനായ ശല്യവും രൂക്ഷമാണ്. മാലിന്യം തള്ളരുതെന്ന് കന്റോൺമെന്റ് ബോർഡ് ബാനർ സ്ഥാപിച്ചെങ്കിലും മാലിന്യം വലിച്ചെറിയുന്നതിന് കുറവില്ല.
മാലിന്യം തള്ളുന്നവരെ പിടികൂടാൻ രാത്രികാല പരിശോധനയും സുരക്ഷയും കർശനമാക്കണമെന്ന് പരിസരവാസികൾ പറയുന്നു. ഇവിടെ ക്യാമറകൾ സ്ഥാപിക്കാൻ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. കോർപറേഷൻ പരിധിയിൽ നഗരത്തിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടികളാണ് നടത്തി വരുന്നത്. വാഹനം സഹിതം പിടികൂടി ഉയർന്ന പിഴയാണ് ഈടാക്കുന്നത്.
ഇതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധനയും ഊർജിതമാണ്. കണ്ടോൺമെന്റ് പരിധിയിൽ മിക്കയിടത്തും വൃത്തിയുള്ള തെരുവും ചുറ്റുപാടുകളും ആണെങ്കിലും ഫയർ സ്റ്റേഷൻ– ശ്മശാന റോഡിലെ മാലിന്യ കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. അഞ്ചുകണ്ടി ഭാഗത്തേക്കുള്ള പ്രധാന റോഡും ഡി.എസ്.സിയുടെ നിരവധി ഓഫിസുകളും പ്രവർത്തിക്കുന്ന മേഖല കൂടിയാണിത്.