അങ്കണവാടികളിൽ അംഗൻജ്യോതി പദ്ധതി തുടങ്ങി; ഇനി പുകയില്ല

കണ്ണൂർ: ഊർജ വകുപ്പ് ആവിഷ്ക്കരിച്ച അങ്കൻ ജ്യോതി പദ്ധതി പ്രകാരം ജില്ലയിൽ കാർബൺ ബഹിർഗമനമില്ലാത്ത അടുക്കളകൾ ഒരുങ്ങി. ധർമ്മടം മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളിലും നടപ്പാക്കിയ പദ്ധതി മുഴക്കുന്ന്, പായം, ഉദയഗിരി, കുറുമാത്തൂർ, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിലും ആദ്യഘട്ടമായി നടപ്പാക്കി. രണ്ടാംഘട്ടത്തിൽ കൂടുതൽ പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് പെരളശ്ശേരിയിൽ പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഹരിത കേരളം മിഷൻ നടപ്പാക്കുന്ന ക്യാമ്പയിനായ ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ എന്നതിന്റെ ഭാഗമായാണ് അങ്കണവാടി അടുക്കളകളിൽ പുകയില്ലാത്ത അടുക്കളകൾ എന്ന ആശയം നടപ്പാക്കുന്നത്.
പാചകത്തിന്റെ വേഗം കൂട്ടാനും കാർബൺ ബഹിർഗമനമില്ലാതെ പാചകം ഉറപ്പാക്കാനും ഇൻഡക്‌ഷൻ കുക്കർ, ഇൻഡക്‌ഷൻ ബേസ്‌ഡ് ഇഡലി കുക്കർ, ഉരുളി, പ്രഷർ കുക്കർ, റൈസ് കുക്കർ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നുണ്ട്. തിരുവനന്തപുരം കഴക്കൂട്ടത്ത് നടപ്പാക്കിയ പൈലറ്റ് പദ്ധതിയാണ് ഇപ്പോൾ സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നത്. വൈദ്യുതി, സാമൂഹ്യനീതി, തദ്ദേശസ്വയംഭരണ വകുപ്പുകൾ പദ്ധതിയുടെ ഭാഗമാകും.
*ചിലവ് 800 കോടി
ലക്ഷ്യം പലതുണ്ട്
* അങ്കണവാടി ജീവനക്കാർക്ക് കാര്യക്ഷമമായ വൈദ്യുത പാചക അനുഭവം
* ഊർജ സംരക്ഷണത്തിന്റെ അവബോധം സൃഷ്ടിക്കൽ
*ശിശുസംരക്ഷണത്തിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക
*പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുക
*ഹരിത ഊർജത്തിന്റെ പ്രധാന്യം വർദ്ധിപ്പിക്കുക
*കാർബൺ ബഹിർഗമനം കുറയ്ക്കൽ
വരുന്നു ഊർജ ഓഡിറ്റ്
ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിലെ ഊർജ ഉപയോഗം കാര്യക്ഷമമാക്കാനുള്ള ഊർജ ഓഡിറ്റിംഗും ഉടൻ നടക്കും.തിരുവനന്തപുരത്തെ എനർജി മാനേജ്മെന്റ് സെന്ററിനാണ് ഇതിന്റെ ചുമതല. ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിൻ നടപ്പാക്കുന്ന തദ്ദേശ സ്ഥാപന പരിധിയിലെ സ്ഥാപനങ്ങൾ നേരിടുന്ന ഊർജ പ്രശ്നങ്ങൾ മനസ്സിലാക്കുകയാണ് ഓഡിറ്റിന്റെ ലക്ഷ്യം.
സോളർ പാനൽ, ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ എന്നിവ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കും രൂപരേഖയായിട്ടുണ്ട്. ക്രൗഡ് ഫണ്ടിംഗ്, വൻകിട കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാഫണ്ട് എന്നിവ ഉപയോഗിച്ച് എനർജി മാനേജ്‌മെന്റ് സെന്ററിന്റെ സഹായത്തോടെ ഊർജ മാതൃകാ സ്ഥാപനങ്ങൾ ഒരുക്കാനും പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്.