കോവിഡിനുശേഷം ശ്വാസകോശരോഗങ്ങൾ കൂടി, വെന്റിലേറ്ററുകൾ നിറയുന്നു

തിരുവനന്തപുരം: രൂക്ഷമായ ശ്വാസകോശരോഗങ്ങൾ കാരണം, കോവിഡിനുശേഷം മെഡിക്കൽകോളേജുകളിൽ വീണ്ടും ഐ.സി.യു. വെന്റിലേറ്ററുകൾ നിറയുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തൃശ്ശൂർ മെഡിക്കൽ കോളേജുകളിലാണ് ഗുരുതരസ്ഥിതി.
തികയാതെ വെന്റിലേറ്റർ
മെഡിക്കൽ കോളേജുകളിൽ മെഡിസിൻ, സർജറി വിഭാഗങ്ങൾക്കാണ് കൂടുതൽ വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകൾ അനുവദിക്കുന്നത്. തിരുവനന്തപുരത്ത് ഒരുദിവസം 100 ശസ്ത്രക്രിയ നടക്കുന്നതിൽ 15 പേരെയെങ്കിലും വെന്റിലേറ്ററിലേക്ക് മാറ്റണം. അതേപോലെ അത്യാഹിതവിഭാഗത്തിൽ വരുന്ന 15-20 പേർക്കെങ്കിലും വെന്റിലേറ്റർ ഉറപ്പാക്കണം. സമാന അവസ്ഥയാണ് മറ്റു മെഡിക്കൽ കോളേജുകളിലും.
തിരുവനന്തപുരത്ത് 195-200, കോട്ടയം 140-142, കോഴിക്കോട് 200, തൃശ്ശൂർ 45, ആലപ്പുഴ 80 എന്നിങ്ങനെയാണ് ഐ.സി.യു. വെന്റിലേറ്ററുകളുടെ എണ്ണം. ഇത് തികയാത്തതിനാൽ മോശം അവസ്ഥയിലുള്ള രോഗികളെപ്പോലും വെന്റിലേറ്ററിലേക്ക് മാറ്റാൻകഴിയുന്നില്ല. ഇതിനിടയിലാണ് ശ്വാസകോശരോഗങ്ങളുമായി കൂടുതൽപ്പേർ എത്തുന്നത്.
കോവിഡിനുശേഷം ശ്വാസകോശരോഗങ്ങൾ കൂടി
കോവിഡ് ഭേദമായ ഇന്ത്യക്കാരിൽ വലിയശതമാനംപേരും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും ലക്ഷണങ്ങളും നേരിടുന്നതായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിന്റെ പഠനത്തിലും പറയുന്നുണ്ട്. രക്തത്തിലേക്ക് ഓക്സിജൻ കൈമാറാനുള്ള കഴിവ് 44 ശതമാനം പേരെ ബാധിച്ചതായും 35 ശതമാനംപേരിൽ നിയന്ത്രിത ശ്വാസകോശവൈകല്യം കണ്ടെത്തിയതായും പഠനത്തിൽ പറയുന്നു.
പുലയനാർകോട്ട നെഞ്ചുരോഗാശുപത്രിയിലെത്തുന്ന രോഗികളിൽ 70 ശതമാനം പേർക്കും വെന്റിലേറ്റർ സംവിധാനം ആവശ്യമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു.