28 വർഷത്തെ ഇടവേള കഴിഞ്ഞു; പെരുങ്കളിയാട്ടത്തിനൊരുങ്ങി കാപ്പാട്ട് കഴകം

Share our post

പയ്യന്നൂർ: നീണ്ട ഇരുപത്തിയെട്ട് വർഷത്തിന് ശേഷം പയ്യന്നൂർ കാപ്പാട്ട് കഴകത്തിൽ കാപ്പാട്ടുഭഗവതിയുടെ പന്തൽമംഗലത്തിനുള്ള അരങ്ങൊരുങ്ങി. 25ന് രാവിലെ ഒൻപതരയോടെ പയ്യന്നൂർ പെരുമാളുടെ തിരുസന്നിധിയിൽ നിന്ന്

എത്തിക്കുന്ന ദീപവും തിരിയും പള്ളിയറയിലെ വിളക്കുകളിലും പാചകശാലയിലെ അടുപ്പുകളിലും പകരും.വൈകീട്ട് 3.30ന് ആലില കാപ്പാട്ട് നിന്നും കാപ്പാട്ട് ഭഗവതിയുടെ തോറ്റം ഉടുത്തു കെട്ടി ആരൂഡ സ്ഥാനം വഴങ്ങി ക്ഷേത്രനടയിൽ എത്തും.

തുടർന്ന് കാപ്പാട്ടു ഭഗവതിയുടേയും പോർക്കലി ഭഗവതിയുടെയും തോറ്റം അരങ്ങിലെത്തും. ഏഴു ദിവസങ്ങളിലും 39 തെയ്യക്കോലങ്ങളുടെ വെള്ളാട്ടങ്ങളും തോറ്റങ്ങളും കാൽ ചിലമ്പൊലിയുതിർത്ത് ക്ഷേത്രാങ്കണത്തിൽ നിറഞ്ഞാടും.

ഉത്സവദിനങ്ങളിൽ പത്തു ലക്ഷത്തോളം പേർക്ക് അന്നദാനം നൽകും. ഒരേ സമയം 5000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കുവാനുള്ള ഭക്ഷണപന്തൽ ഒരുക്കിയിട്ടുണ്ട്. ആയിരത്തിലധികം പുരുഷ, വനിത വളണ്ടിയർമാരുടെ സേവനം ഉറപ്പ് വരുത്തിയതായും വാഹന പാർക്കിംഗിന് 50 ൽ അധികം കേന്ദ്രങ്ങൾ സജ്ജമാക്കിയതായും സംഘാടകർ പറഞ്ഞു. ആരോഗ്യ വകുപ്പ് വേണ്ട പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്.

25ന് വൈകീട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനം സംഘാടക സമിതി ചെയർമാൻ തച്ചങ്ങാട്ട് ശിവരാമൻ മേസ്‌തിരിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് സാംസ്കാരിക സമ്മേളനങ്ങളും വിവിധ കലാപരിപാടികളും നടക്കും.

സമാപന ദിവസമായ മാർച്ച് 3 ന് പുലർച്ചെ 12.30 മുതൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. ഉച്ചക്ക് 12ന് കലശം വരവും മീനമൃതും ക്ഷേത്രസന്നിധിയിലെത്തും. തുടർന്ന് കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും തിരുമുടി ഉയരും. ഉച്ചക്ക് 11.30 മുതൽ രാത്രി വരെ അന്ന പ്രസാദം ഉണ്ടാവും.

വാർത്ത സമ്മേളനത്തിൽ ചെയർമാൻ തച്ചങ്ങാട്ട് ശിവരാമൻ മേസ്ത്രി, വർക്കിംഗ് ചെയർമാൻ ടി.വി.രാമചന്ദ്രപണിക്കർ, ജനറൽ കൺവീനർ ടി.കെ.മുരളിദാസ്, മാട്ടുമ്മൽ രാമചന്ദ്രൻ , അഡ്വ.എം.വി.അമരേശൻ, മണക്കാട്ട് രാമചന്ദ്രർ, ടി.വി.മുരളി, സുരേഷ് ബാബു മണക്കാട്ട്, ടി.കെ.ബാലചന്ദ്രൻ, നാരായണൻ മണിയാണി, എം.മനീഷ്, പുതിയടത്ത് ബാലകൃഷ്ണൻ, വി.രാമചന്ദ്രൻ ,കെ.ബാലകൃഷ്ണൻ, ഇരിയലത്ത് രാജൻ തുടങ്ങിയവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!