ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ മുഴുവൻ കുടുംബങ്ങളിലും പൈപ്പ് വഴി വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി 410 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. പായം പഞ്ചായത്തിൽ അടുത്ത മാസവും കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ മേയ് മാസവും ശുദ്ധജല വിതരണ പദ്ധതികൾ കമ്മിഷൻ ചെയ്യും. പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ ഡിസംബറിൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിടുന്നതായും ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ പ്രവൃത്തികൾ റീടെൻഡർ ചെയ്യേണ്ടി വന്നതിനാൽ 2025 മാർച്ച് വരെ സമയം എടുത്തേക്കുമെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സണ്ണി ജോസഫ് എം.എൽ.എ വിളിച്ച നിയോജക മണ്ഡലംതല ജല അതോറിറ്റി, മരാമത്ത്, കെ.ആർ.എഫ്ബി അവലോകന യോഗത്തിലാണ് പദ്ധതികൾ കമ്മിഷൻ ചെയ്യുന്നതു സംബന്ധിച്ച സമയക്രമം അധികൃതർ വ്യക്തമാക്കിയത്.
8 പഞ്ചായത്തുകളിലെ 37,214 കുടുംബങ്ങൾക്കാണു ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ കുടിവെള്ളം എത്തിക്കുന്നത്. എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അയ്യൻകുന്ന്), ടി.ബിന്ദു (മുഴക്കുന്ന്), സി.ടി.അനീഷ് (കേളകം), റോയി നമ്പുടാകം (കൊട്ടിയൂർ), പി.പി.വേണുഗോപാൽ (പേരാവൂർ), പി.രജനി (പായം), കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ കെ.സന്ദീപ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഹനീസ്, അസിസ്റ്റന്റ് എൻജിനീയർ പി.വി.ഷാജി, മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ, റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷീല ചോറൻ, കെ.ആർ.എഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.സജിത്ത് എന്നിവർ പ്രസംഗിച്ചു.
‘സംയുക്ത പരിശോധന വേണം’
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് കീറേണ്ടി വരുന്നതു സംബന്ധിച്ചുള്ള പ്രതിസന്ധികൾ പരമാവധി ലഘൂകരിക്കാനായി ജല അതോറിറ്റി പഞ്ചായത്ത്, മരാമത്ത് അധികൃതരുമായി ആശയ വിനിമയം നടത്തണമെന്നും നിലവിൽ പ്രശ്‌നങ്ങൾ പറഞ്ഞിടത്ത് സംയുക്ത പരിശോധന നടത്തി പരിഹാരം ഉണ്ടാക്കണമെന്നും എം.എൽ.എ നിർദേശിച്ചു.
പഞ്ചായത്തുകളിൽ പദ്ധതി പ്രവർത്തനം ഇങ്ങനെ:
പായം
92.51 കോടി ചെലവ്. 5639 ഗാർഹിക കണക്‌ഷൻ നൽകും. 70 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചു. ഇതിനകം 5205 കണക്ഷൻ നൽകി. അടുത്ത മാസം പൂർത്തീകരിച്ചു കമ്മിഷൻ ചെയ്യാൻ ലക്ഷ്യം. പദ്ധതിയിൽ എണ്ണം കൂടിയതിനാൽ 7000 കുടുംബങ്ങളെ ഉൾപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ചു 3 പഞ്ചായത്തുകളിലെ പ്രവൃത്തികൾ ഒരുമിച്ചാണ് ഏകോപനം. 65 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചു. കണിച്ചാറിൽ 41.41 കോടി രൂപ ചെലവിൽ 3953 കുടുംബങ്ങൾക്കും കേളകത്ത് 41.53 കോടി രൂപ ചെലവിൽ 3964 കുടുംബങ്ങൾക്കും കൊട്ടിയൂരിൽ 45.64 കോടി രൂപ ചെലവിൽ 4347 കുടുംബങ്ങൾക്കും ഗാർഹിക കണക്ഷനുകൾ ലഭ്യമാക്കും. മേയ് മാസം കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിൽ കൊട്ടിയൂരിൽ 870, കേളകത്ത് 900, കണിച്ചാർ 1750 എന്നിങ്ങനെ കണക്‌ഷൻ നടപടികൾ പൂർത്തീകരിച്ചതാണ്.
മുഴക്കുന്ന്
63.45 കോടി രൂപ അടങ്കൽ. 4999 ഗാർഹിക കണക്ഷൻ. പ്രവൃത്തി പൂർത്തീകരിച്ചത് 10 ശതമാനം. 2024 ഡിസംബറിൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യം.
പേരാവൂർ
67.21 കോടി രൂപ അടങ്കൽ, 5295 ഗാർഹിക കണക്ഷൻ. പ്രവൃത്തി പൂർത്തീകരിച്ചത് 10 ശതമാനം. ഡിസംബറിൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യം.
ആറളം, അയ്യൻകുന്ന്
ആറളം പഞ്ചായത്തിൽ 55.8 കോടി രൂപ ചെലവിൽ 4396 ഗാർഹിക കണക്‌ഷൻ ലഭ്യമാക്കുന്നതിനും അയ്യൻകുന്ന് പഞ്ചായത്തിൽ 58.65 കോടി രൂപ ചെലവിൽ 4621 ഗാർഹിക കണക്‌ഷൻ ലഭ്യമാക്കുന്നതിനും ഉള്ള പദ്ധതികൾ ടെൻഡർ നടത്തിയിരുന്നെങ്കിലും കരാർ എടുത്തവർ പണി തുടങ്ങിയില്ല. ഇപ്പോൾ റീടെൻഡർ വിളിച്ചു. 28ന് തുറക്കും. ഡിസംബറിൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിട്ട ഈ പദ്ധതികൾ 3 മാസം കൂടി വൈകുമെന്ന് അധികൃതർ.
ഇരിട്ടിയിൽ പേരാവൂർ നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതികളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി ചേർന്ന പഞ്ചായത്ത് അധ്യക്ഷരുടെയും ജല അതോറിറ്റി, മരാമത്ത്, കെ.ആർ.എഫ്ബി പ്രതിനിധികളുടെ യോഗത്തിൽ സണ്ണി ജോസഫ് എം.എൽ.എ പ്രസംഗിക്കുന്നു.