പാലക്കാട് വിജയരാഘവന്‍, ശൈലജ വടകരയില്‍, ചാലക്കുടിയില്‍ രവീന്ദ്രനാഥ്: 15 പേരുടെ സി.പി.എം പട്ടികയായി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയ്ക്ക് സി.പി.എം അന്തിമ രൂപം നല്‍കി. ബുധനാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റി യോഗങ്ങളാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. ഒരു പൊളിറ്റ് ബ്യൂറോ അംഗവും മൂന്നു ജില്ലാ സെക്രട്ടറിമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് സി.പി.എം പാനല്‍.
പാലക്കാട് പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ എം.പിയുമായ എ.വിജയരാഘവനാകും മത്സരിക്കുക. ആലപ്പുഴയില്‍ ഏക സിറ്റിങ് എം.പിയായ എ.എം ആരിഫ് തന്നെ വീണ്ടും ജനവിധി തേടും. സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റില്‍ 15 ഇടത്താണ് സി.പി.എം. മത്സരിക്കുക. മന്ത്രി കെ. രാധാകൃഷ്ണന്‍ അടക്കം മൂന്ന് സിറ്റിങ് എം.എല്‍.മാര്‍ ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കും. മൂന്നു ജില്ലാ സെക്രട്ടറിമാരും മത്സരരംഗത്തുണ്ടാകും. കാസര്‍കോട് മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും, കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും, ആറ്റിങ്ങലില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയും മത്സരിക്കും.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക് പത്തനംതിട്ടയിലും, കെ.കെ ശൈലജ വടകരയിലും, എളമരം കരീം കോഴിക്കോട്ടും, മന്ത്രി കെ.രാധാകൃഷ്ണന്‍ ആലത്തൂരിലും മത്സരിക്കും. മലപ്പുറത്ത് ഡി.വൈ.എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫും എറണാകുളത്ത് പറവൂര്‍ നഗരസഭാ കൗണ്‍സിലറും കെ.എസ്ടി.എ നേതാവുമായ കെ.ജെ. ഷൈനും പൊന്നാനിയില്‍ കെ.എസ് ഹംസയുമാണ് പട്ടികയിലെ പുതുമുഖങ്ങള്‍. കൊല്ലത്ത് സിറ്റിങ് എം.എല്‍.എ എം.മുകേഷ് തന്നെ മത്സരിക്കും. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് തന്നെ വീണ്ടും മത്സരിക്കും. ചാലക്കുടിയില്‍ മുന്‍ മന്ത്രി കൂടിയായ സി രവീന്ദ്രനാഥിനെയാണ് പാര്‍ട്ടി നിശ്ചയിച്ചത്.
പൊന്നാനി പിടിച്ചെടുക്കാന്‍ പല പേരുകളും ചര്‍ച്ചചെയ്ത ശേഷം അവസാന നിമിഷമാണ് ലീഗ് വിമതനായി മാറി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.എസ്. ഹംസയെ സ്വതന്ത്രനായി നിര്‍ത്താന്‍ തീരുമാനിച്ചത്.