മലബാറിൽ പദവി ആദ്യത്തേത് : മാഹി പള്ളി ബസലിക്ക പ്രഖ്യാപനം 24ന്

മാഹി: മലബാറിലെ പ്രഥമ ബസലിക്കയായി മാഹി സെന്റ് തെരേസാസ് പള്ളിയെ ഉയർത്തിയുള്ള പ്രഖ്യാപനവും സമർപ്പണവും 24ന് വൈകിട്ട് മൂന്നിന് നടക്കും. കഴിഞ്ഞ ഡിസംബറിലാണ് ഇതുസംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ മാഹി പള്ളിയെ ബസലിക്കയായി ഉയർത്താനുള്ള പ്രഖ്യാപനം നടത്തിയത്. മാഹിപള്ളിയെ ബസലിക്കയായി ഉയർത്തണമെന്ന കോഴിക്കോട് രൂപതയുടെ അപേക്ഷയിൽ ഇന്ത്യയിലെ എല്ലാ കത്തോലിക്ക മെത്രാന്മാരും ഐക്യകണ്ഠേന ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു മാർപ്പാപ്പയുടെ ബസലിക്ക പ്രഖ്യാപനം.
ബസലിക്കയുടെ മൂന്ന് അടയാളങ്ങളായ കുട, മണികൾ, പേപ്പൽ കുരിശിന്റെ താക്കോലുകൾ എന്നിവ മാഹി പള്ളിയിൽ പ്രതിഷ്ഠിക്കും. 24ന് വൈകിട്ട് നടക്കുന്ന സാഘോഷ പൊന്തിഫിക്കൽ ദിവ്യബലിക്ക് ഡോ.ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് മാഹി ബസലിക്കയുടെ പ്രഖ്യാപനവും സമർപ്പണവും കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗ്ഗീസ് ചക്കാലക്കൽ നിർവഹിക്കും.
തലശ്ശേരി അതിരൂപതാ മെത്രോപ്പോലീത്ത ഡോ: ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി ഉദ്ഘാടനം ചെയ്യും. കേരള സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ, പുതുച്ചേരി സ്പീക്കർ ഏമ്പലം ആർ.സെൽവം എന്നിവർ മുഖ്യഭാഷണം നടത്തും.
ബസലിക്കയായി ഉയർത്തപ്പെട്ടതിന്റെ ഭാഗമായി മാഹി ബസലിക്കയെ ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ടുള്ള കൃതജ്ഞത ബലി 25ന് വൈകിട്ട് നാലിന് കണ്ണൂർ രൂപത മെത്രാൻ ഡോ.അലക്സ് വടക്കുന്തലയുടെ കാർമ്മികത്വത്തിൽ നടക്കും.
വൈകിട്ട് 6ന് വിവിധ കലാപരിപാടികൾ. വാർത്താസമ്മേളനത്തിൽ ഇടവക വികാരി ഡോ: വിൻസന്റ് പുളിക്കൽ, അസി: വികാരി ഫാദർ ഡിലുറാഫേൽ, രാജേഷ് അഗസ്റ്റിൻ, ജോസ് പുളിക്കൽ സംബന്ധിച്ചു.
ബസലിക്ക പദവി
റോമൻ സഭയുമായും മാർപ്പാപ്പയുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ഇടവും സജീവവും അജപാലനവും ആയ ആരാധനക്രമത്തിന്റെ കേന്ദ്രം. ആരാധനാക്രമം, കൂദാശകൾ, വലിപ്പം, പ്രശസ്തി, സൗന്ദര്യം, ദൗത്യം, ചരിത്രം, പ്രാചീനത, അന്തസ്സ്, ചരിത്രപരമായ മൂല്യം, വാസ്തുവിദ്യ, കലാപരമായ മൂല്യം, ആരാധനാ കേന്ദ്രങ്ങൾ എന്നിവ പരിഗണിച്ചാണ് മാർപാപ്പ ബസലിക്ക പ്രഖ്യാപനം നടത്തുന്നത്.
നൂറ്റാണ്ടുകളുടെ ചരിത്രം
മാഹിയിൽ 1736ൽ സ്ഥാപിക്കപ്പെട്ട ആരാധനാലയം. ഇറ്റാലിയനായ ഫാ.ഡൊമിനിക് ഓഫ് സെന്റ് ജോൺ വടകരയ്ക്കടുത്ത് കടത്തനാട് രാജാവിന്റെ അനുമതിയോടെ 1723ൽ മാഹി മിഷൻ ആരംഭിച്ചു. 1736ൽ ഫ്രഞ്ച്- ബ്രിട്ടീഷ് യുദ്ധത്തിൽ ദേവാലയത്തിനു കേടുപാടു സംഭവിച്ചതിനെ തുടർന്ന് 1788ൽ പുതുക്കിപ്പണിതു. 1956ൽ ദേവാലയം പുതുക്കിപ്പണിതു.
മലയാളമണ്ണിലെ ബസലിക്കകൾ
1എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക (നസ്രാണി പള്ളി)
2.ഫോർട്ട് കൊച്ചി സാന്താ ക്രൂസ് കത്തീഡ്രൽ ബസിലിക്ക
3വല്ലാർപാടം പള്ളി,
4.മഞ്ഞുമാത ബസിലിക്ക,
5തിരുവനന്തപുരം പാളയം സെയിന്റ് മേരി, ക്യൂൻ ഓഫ് പീസ് ബസിലിക്ക,
6.സെന്റ് ജോർജ് ബസിലിക്ക അങ്കമാലി,
7ചമ്പക്കുളം വലിയ പള്ളി,
8അർത്തുങ്കൽ പള്ളി,
9പുത്തൻപള്ളി (മൈനർ ബസലിക്ക)