23 തദ്ദേശവാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22ന്

സംസ്ഥാനത്തെ 23 തദ്ദേശവാര്‍ഡുകളില്‍ ഫെബ്രുവരി 22ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്. എസ്. എല്‍. സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസം മുമ്പ് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉപയോഗിക്കാം.
പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് നഗരസഭ വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 88 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത് അതില്‍ 33 പേര്‍ സ്ത്രീകളാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 23 വാര്‍ഡുകളിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ആകെ 32,512 വോട്ടര്‍മാരാണുള്ളത്. 15,298 പുരുഷന്‍മാരും 17,214 സ്ത്രീകളും ഉള്‍പ്പെടുന്നു. വോട്ടര്‍ പട്ടിക www.sec.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.
വോട്ടെടുപ്പിന് 41 പോളിംഗ് ബൂത്തുകളും വോട്ടിംഗ് മെഷീനുകളും സജ്ജമാക്കി. പോളിംഗ് സാധനങ്ങള്‍ 21ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് സെക്ടറല്‍ ഓഫീസര്‍മാര്‍ അതത് പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഹാജരായി അവ കൈപ്പറ്റണം. മോക്ക് പോള്‍ വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് നടത്തും. ക്രമസമാധാനപാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ഫെബ്രുവരി 23 ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വോട്ടെണ്ണല്‍ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും.