പ്ലസ് ടു മാതൃകാപരീക്ഷ തുടങ്ങുംമുമ്പേ ചോദ്യപേപ്പർ വാട്സാപ്പിൽ; ഉറവിടം വ്യക്തമല്ല

Share our post

വടകര: പ്ലസ് ടു ഇംഗ്ലീഷ് മാതൃകാപരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായി പരാതി. ചൊവ്വാഴ്ച രാവിലെ പരീക്ഷ തുടങ്ങുന്നതിനു മുമ്പേ വടകര താലൂക്കിലെ വിവിധ സ്കൂളുകളിലെ കുട്ടികളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ചോദ്യപ്പേപ്പർ എത്തിയെന്നാണ് ആക്ഷേപം. നാദാപുരം മേഖലയിലെ സ്കൂൾ വിദ്യാർഥി ഈ വിവരം അധ്യാപകരെ ധരിപ്പിച്ചു. തനിക്ക് രാവിലെ 8.15-ന് ചോദ്യപ്പേപ്പർ വാട്‌സാപ്പിൽ കിട്ടിയെന്നാണ് പറഞ്ഞത്. പിന്നീട് കൂടുതൽ അന്വേഷിച്ചപ്പോൾ ക്ലാസ് വാട്‌സാപ്പ് ഗ്രൂപ്പിലും മറ്റ് കുട്ടികൾക്കുമെല്ലാം ഇത് കിട്ടിയതായി അറിഞ്ഞു. 9.30-നാണ് പരീക്ഷ തുടങ്ങിയത്.

ചോദ്യപ്പേപ്പർ പൊട്ടിച്ചപ്പോൾ രാവിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വന്ന അതേ ചോദ്യപ്പേപ്പറാണെന്ന് വ്യക്തമായി. എവിടെ നിന്നാണ് ചോദ്യപ്പേപ്പർ കിട്ടിയതെന്ന് കുട്ടികളോട് അന്വേഷിച്ചപ്പോൾ മറ്റൊരു സ്കൂളിലെ കുട്ടിയാണ് അയച്ചതെന്ന് മറുപടി കിട്ടി. ഈ സ്കൂളിലെ അധ്യാപകരോട് അന്വേഷിച്ചപ്പോൾ അവിടെയും കുട്ടികൾക്ക് ഈ ചോദ്യ പ്പേപ്പർ രാവിലെതന്നെ കിട്ടിയെന്ന് പറഞ്ഞു.

ചോദ്യപ്പേപ്പർ എവിടെ നിന്ന് ചോർന്നുവെന്നത് വ്യക്തമല്ല. നാലായി മടക്കിയ ചോദ്യപ്പേപ്പർ നിവർത്തിവെച്ച ശേഷം ഫോട്ടോ എടുത്താണ് പ്രചരിപ്പിച്ചത്. പൊതുപരീക്ഷ പോലെത്തന്നെ വളരെ ഗൗരവകരമായി കാണുന്നതാണ് മാതൃകാപരീക്ഷയും. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതും ഇതേ ഗൗരവത്തിലാണ്.

മാതൃകയാകേണ്ട പരീക്ഷ പ്രഹസനമാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് എ.എച്ച്.എസ്.ടി.എ. ജനറൽ സെക്രട്ടറി എസ്. മനോജ് ആരോപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!