10,000 കിലോ ഭാരത് അരി വിറ്റുതീർന്നത് രണ്ടു മണിക്കൂറിൽ; വാങ്ങാൻ ക്യൂ നിന്ന് വഴിപോക്കരും

Share our post

കണ്ണൂർ: പള്ളിക്കുന്ന് ദേശീയ പാതയോരത്ത് വിതരണം തുടങ്ങി 2 മണിക്കൂർ കൊണ്ട് 10,000 കിലോ ഭാരത് അരി വിറ്റുതീർന്നു. ബിജെപി അഴീക്കോട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് ഇന്നലെ അരിവിതരണം നടന്നത്. വനിതാ കോളജിന് സമീപം ഭാരത് അരി 1,000 പേർക്കാണ് വിതരണം ചെയ്തത്. കിലോയ്ക്ക് 29 രൂപ നിരക്കിൽ 10 കിലോയുടെ ബാഗുകളിലാക്കിയാണ് അരി വിതരണം.

ലോറിയിൽ ഇന്നലെ രാവിലെ 8 ഓടെയാണ് അരി എത്തിച്ചത്. അപ്പോഴേക്കും വിതരണ വിവരമറിഞ്ഞ് ആളുകൾ എത്തി. അരി വാങ്ങാൻ റേഷൻ കാർഡോ ആധാർ കാർഡോ ഒന്നും വേണ്ടാത്തതിനാൽ ആളുകൾക്കും വിതരണം നടത്തിയവർക്കും സൗകര്യം.290 രൂപ അടച്ച് ആളുകൾ അരി കൈപ്പറ്റി സന്തോഷത്തോടെ വീടുകളിലേക്ക്.

ദേശീയപാതയോരത്ത് ആയതിനാൽ വഴിപോക്കരും വാഹനങ്ങളിൽ പോകുന്നവരുമെല്ലാം അരി വാങ്ങാൻ ക്യൂ നിന്നു. കഴിഞ്ഞ ദിവസം താളിക്കാവ് മുത്തുമാരിയമ്മൻ കോവിൽ പരിസരത്തും അരി വിതരണം നടന്നിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം നടക്കും.

ബി.ജെ.പി അഴീക്കോട് മണ്ഡലം പ്രസിഡന്റ് എസ്.വിജയ് അരി വിതരണോദ്ഘാടനം നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ വി.കെ.ഷൈജു, ഒ.കെ.സന്തോഷ്, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനീഷ്, മണ്ഡലം ഭാരവാഹികളായ മഹേഷ്, സായ് റാം, മണ്ഡലം ഐ.ടി സെൽ കൺവീനർ ഹരിത്ത് എന്നിവർ നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!