സോണിയാ ഗാന്ധി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് സോണിയ രാജ്യസഭയിലെത്തുന്നത്.
നേരത്തെ ആറുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയുടെ ചുന്നിലാല്‍ ഗരാസിയ, മദന്‍ റാത്തോഡ് എന്നിവരും രാജസ്ഥാനില്‍ നിന്നും എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പതിറ്റാണ്ടുകളായി റായ്ബറേലി മണ്ഡലത്തിൽ നിന്നാണ് സോണിയ മത്സരിച്ചിരുന്നത്. ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും കാരണമാണ് സോണിയ റായ്ബറേലിയിൽ നിന്ന് മാറിനിൽക്കുന്നതെന്ന് കോൺഗ്രസിന്റെ വിശദീകരണം.
25 വർഷമാണ് സോണിയ റായ്ബറേലിയെ പ്രതിനിധീകരിച്ചത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും റായ്ബറേലിയിലെ വോട്ടർമാർ തന്നെ പിന്തുണച്ചതിന് കഴിഞ്ഞ ദിവസം സോണിയ കത്തയച്ചിരുന്നു.
സോണിയ റായ്ബറേലി ഒഴിഞ്ഞതോടെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്.