തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു

Share our post

കണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരത മിഷൻ വഴി നടത്തുന്ന നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏഴാം തരം പാസായ 17 വയസ് പൂർത്തിയായവർക്കും, 2019 വരെ എസ് എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താം തരം തുല്യതക്ക് ചേരാം.

പത്താം തരം പാസായ 22 വയസ് പൂർത്തിയായവർക്കും പ്ലസ് ടു / പ്രീഡിഗ്രി തോറ്റവർക്കും, പഠനം നിർത്തിയവർക്കും ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലായി ഹയർ സെക്കൻഡറി കോഴ്‌സിൽ ചേരാം. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്‌സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയികൾക്ക് ഉപരിപഠനത്തിന് അർഹത ഉണ്ടായിരിക്കും.

കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരത മിഷനും പരീക്ഷ, മൂല്യനിർണയം, ഫല പ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷ ഭവനുമാണ്. പത്താം തരം തുല്യതാ കോഴ്‌സ് പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്.

വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത തുടർ/ വികസന വിദ്യാ കേന്ദ്രങ്ങളേയോ സമീപിക്കാം.

 

literacymissionkerala.org എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ വിവരങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 95264 13455, 9947528616


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!