ഹൈറിച്ച് കേസ്: ഒ.ടി.ടി പ്ലാറ്റ്‌ഫോം വിറ്റത് സ്വര്‍ണക്കടത്തിലെ ‘ഒത്തുതീര്‍പ്പുകാരന്‍’, ചോദ്യംചെയ്യാൻ ഇ.ഡി

Share our post

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് ഇടനിലക്കാരനെന്ന് ആരോപണം ഉന്നയിച്ച വിജേഷ് പിള്ളയ്ക്ക്, ഹൈറിച്ച് തട്ടിപ്പുകേസിലും ബന്ധം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണത്തിലാണ് വിജേഷ് പിള്ളയാണ് ഹൈറിച്ച് ഉടമകള്‍ക്ക് ഒ.ടി.ടി. പ്ലാറ്റ് ഫോം നല്‍കിയതെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജേഷ് പിള്ളയെ ഇ.ഡി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ബിസിനസ്സുകളുടെ മറവില്‍ 1,157.32 കോടി രൂപയുടെ തട്ടിപ്പാണ് തൃശ്ശൂര്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമകള്‍ നടത്തിയത്. ഇതില്‍ ഒ.ടി.ടി. പ്ലാറ്റ് ഫോമില്‍ അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയുള്ള തട്ടിപ്പും ഉള്‍പ്പെടുന്നു. ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരെ തുടര്‍ച്ചയായ രണ്ടാംദിവസവും ഇ.ഡി. കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.

നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ വിജേഷ് പിള്ള മുഖേന സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദനം ചെയ്തെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ഇതേ തുടര്‍ന്ന് വിജേഷ് പിള്ളയുടെ കളമശ്ശേരിയിലെ ഓഫീസില്‍ ഇ.ഡി. സംഘം റെയ്ഡ് നടത്തിയിരുന്നു. ആരോപണത്തിനെതിരേ സി.പി.എം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരേ മാനനഷ്ടകേസും നല്‍കി. ഈ കേസിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഹൈറിച്ച് കേസിലും വിജേഷ് പിള്ളയുടെ പേര് ഉയര്‍ന്ന് വരുന്നത്.

ഗ്രോസറി ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഹൈറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിലാണ് ഹൈറിച്ച് ഉടമകള്‍ ഇടപാടുകാരെ സൃഷ്ടിച്ചത്. പുതിയ ഇടപാടുകാരെ ചേര്‍ക്കുന്നവര്‍ക്ക് കമ്മീഷന്‍ പോലുള്ള തന്ത്രങ്ങളാണ് ഇതിന് ഉപയോഗിച്ചത്. ഇതിന് പിന്നാലെയാണ് ഒ.ടി.ടി. പ്ലാറ്റ്ഫോം തുടങ്ങിയത്.

ഇടപാടുകാരന്‍ സോഫ്റ്റ്വെയര്‍ പരിശോധിച്ചാല്‍ 12.39 ലക്ഷം അംഗങ്ങള്‍ ഇവരുടെ ഒ.ടി.ടി.ക്ക് ഉണ്ടെന്നാണ് മനസ്സിലാവുക. എന്നാല്‍ ഈ ഒ.ടി.ടി.യില്‍ റിലീസ് ചെയ്ത സിനിമകള്‍ മൂന്നു മാസം കൊണ്ട് പതിനായിരത്തോളം ആളുകളെ കണ്ടിട്ടുള്ളു എന്ന് സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയുള്ള തട്ടിപ്പാണ് നടത്തിയത്.

ഈ ഒ.ടി.ടി. പ്ലാറ്റ് ഫോമും അനുബന്ധ സോഫ്റ്റ് വെയറുകളും വിജേഷ് പിള്ളയില്‍ നിന്നാണ് ഇവര്‍ വാങ്ങിയിരിക്കുന്നതെന്നാണ് ഇ.ഡി. അന്വേഷണസംഘം കണ്ടെത്തിയത്. ഏതാണ്ട് നാലുകോടി രൂപയുടെ ഇടപാടുകള്‍ ഇവര്‍ക്കിടയില്‍ ഉണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഡബ്ല്യു.ജി.എന്‍. ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് വിജേഷ് പിള്ള. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച സ്റ്റാര്‍ട്ട് അപ്പ് ആണിത്. ‘ആക്ഷന്‍’ എന്ന പേരില്‍ വിജേഷ് 2021-ല്‍ ഒ.ടി.ടി. പ്ലാറ്റ് ഫോം തുടങ്ങിയിരുന്നു. ഇതാണോ ഹൈറിച്ച് ഉടമകള്‍ക്ക് വിറ്റതെന്നാണ് ഇ.ഡി. സംശയമുന്നയിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!