ബിരുദം കഴിഞ്ഞതാണോ?പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്‌സിന് അപേക്ഷിക്കാം

ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻ.എൽ.എസ്.ഐ.യു.), രണ്ടുവർഷ മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ പബ്ലിക് പോളിസി (എം.പി.പി.) 2024-25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ മൊത്തം 45 ശതമാനം മാർക്കോടെ (പട്ടിക, ഒ.ബി.സി.- എൻ.സി.എൽ., ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം) ബാച്ചിലർ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ബാച്ചിലർ ബിരുദപ്രോഗ്രാമിന്റെ അന്തിമവർഷ വിദ്യാർഥികൾക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം. ഇവർ ഡിസംബർ 31-നകം, യോഗ്യത നേടിയതിന് തെളിവുനൽകണം.
തിരഞ്ഞെടുപ്പ്: മാർച്ച് 17-നു രാവിലെ 10 മുതൽ 12.30 വരെ ഓഫ് ലൈൻ രീതിയിൽ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന, എം.പി.പി. നാഷണൽ ലോ സ്കൂൾ അഡ്മിഷൻ ടെസ്റ്റ് (എൻ.എൽ.എസ്.എ.ടി..- എം.പി.പി.) അടിസ്ഥാനമാക്കിയാകും.
പരീക്ഷ: രണ്ടുഭാഗങ്ങൾ ഉണ്ടാകും. രണ്ടും നിർബന്ധമാണ്. മൊത്തം 75 മാർക്കുള്ള ആദ്യ ഭാഗത്ത്, കോംപ്രിഹൻഷൻ, കറൻറ്് അഫയേഴ്സ്, ക്രിട്ടിക്കൽ റീസണിങ് എന്നിവയിൽനിന്നും ഒരു മാർക്ക് വീതമുള്ള ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഉത്തരം തെറ്റിച്ചാലും ഉത്തരം ഒന്നും രേഖപ്പെടുത്താതിരുന്നാലും നെഗറ്റീവ് മാർക്ക് (കാൽ മാർക്കുവീതം) ഉണ്ട്.
രണ്ടാം ഭാഗത്ത്, പോളിസി (സോഷ്യൽ സയൻസസ് പശ്ചാത്തലത്തിൽ), ക്വാണ്ടിറ്റേറ്റീവ് സ്കിൽസ് എന്നിവയിൽനിന്നുമുള്ള ചോദ്യങ്ങളായിരിക്കും.
അപേക്ഷ admissions.nls.ac.in/ വഴി ഫെബ്രുവരി 24 വരെ നൽകാം. ജൂലായ് ഒന്നിന് അക്കാദമിക് സെഷൻ ആരംഭിക്കും.ലോ, ഇൻറർ ഡിസിപ്ലിനറി മേഖലകളിലെ പി.എച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിനും സ്ഥാപനം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.