വയനാട്ടിലെ വന്യജീവിശല്യം പരിഹരിക്കാന്‍ തീരുമാനം

Share our post

വന്യജീവി ശല്യം പരിഹരിക്കാന്‍ വയനാട്ടില്‍ രണ്ട് തരത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ക്ക് ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. വനം, റവന്യു, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചികിത്സ സഹായം, ജനകീയ സമിതി രൂപീകരണം, പട്രോളിംഗ് സ്‌ക്വാഡുകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായത്.

വന്യജീവി ശല്യം പരിഹരിക്കാന്‍ രണ്ട് തരത്തിലാണ് നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചത്. വന്യജീവി ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാര്‍ യോഗത്തില്‍ ഉറപ്പുനല്‍കി. വന്യജീവികളുടെ ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന ജനകീയ സമിതി രൂപീകരിക്കും. ഈ സമിതിയുടെ കോര്‍ഡിനേറ്ററായി കളക്ടര്‍ പ്രവര്‍ത്തിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുമെന്നും വനം മന്ത്രി പറഞ്ഞു.

വയനാട്ടിലെ വിഷയം ജനങ്ങളുടെ ജീവല്‍പ്രശ്‌നമാണെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടു. വനമേഖലയില്‍ കൂടുതല്‍ ഡ്രോണുകളെ വിന്യസിച്ച് നിരീക്ഷണം തുടരുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി പറഞ്ഞു. വനമേഖലയില്‍ 250 പുതിയ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഇതിനോടകം നടപടി തുടങ്ങി. അതിര്‍ത്തി മേഖലയില്‍ 13 പട്രോളിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു.

വനത്തില്‍ അടിക്കാടുകള്‍ വെട്ടാന്‍ വയനാടിന് പ്രത്യേകം ഇളവ് ആവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. സ്വാഭാവിക ആവാസ വ്യവസ്ഥ നിര്‍മ്മിക്കാന്‍ തൊഴിലുറപ്പില്‍ പദ്ധതിക്ക് രൂപം നല്‍കും. വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കരുതെന്നാണ് യോഗത്തിലുയര്‍ന്ന മറ്റൊരു ആവശ്യം. ഇങ്ങനെയുള്ള റിസോര്‍ട്ടുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കും. സ്വകാര്യ വ്യക്തികളുടെ കാടുമൂടിയ സ്ഥലം വൃത്തിയാക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!