പുലർച്ചെ ജനവാസ മേഖലയിലെത്തി ബേലൂർ മഖ്ന; ജാഗ്രതാ നിർദേശം

മാനന്തവാടി :വയനാട്ടിലെ കൊലയാളി കാട്ടാന ബേലൂർ മഖ്‌ന വീണ്ടും ജനവാസ മേഖലയിൽ എത്തി. പുലർച്ചെയോടെയാണ് ആന പെരിക്കല്ലൂരിലെത്തിയത്. ഇന്നലെ രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ കടന്നു വീണ്ടും കേരളത്തിൽ എത്തുകയായിരുന്നു. ആന തിരിച്ചെത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകി.
കേരള അതിർത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗർഹോള വനത്തിലാണ്. പുലർച്ചെ പെരിക്കല്ലൂരിലെത്തിയ ശേഷം ആന തിരികെ കർണാടക വനമേഖലയിലേക്ക് മടങ്ങിയതായാണ് വിവരം. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യത്തിനുളളത്. കഴിഞ്ഞ ദിവസങ്ങളിൽ ആന കർണാടകത്തിന്റെ ഉൾവനത്തിലേക്ക് നീങ്ങിയത് ദൗത്യം ദുഷ്കരമാക്കിയിരുന്നു.
വയനാട്ടിലെ വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചചെയ്യാനും പ്രതിരോധ നടപടി ഊർജിതമാക്കുന്നതിനുമായി മന്ത്രിതല സംഘം ചൊവ്വാഴ്‌ച ജില്ലയിലെത്തും. രാവിലെ 10ന് ബത്തേരി ടൗൺ ഹാളിൽ നടക്കുന്ന അവലോകന യോഗത്തിൽ റവന്യു മന്ത്രി കെ. രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, തദ്ദേശമന്ത്രി എം.ബി. രാജേഷ് എന്നിവർ പങ്കെടുക്കും.