കുറുമാത്തൂറിൽ ഫര്‍ണിച്ചര്‍ നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം

തളിപ്പറമ്പ് : കുറുമാത്തൂറിൽ ഫര്‍ണിച്ചര്‍ നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം. കാക്കാഞ്ചാലിലെ റെഡ്‌വുഡ് ഫര്‍ണിച്ചര്‍ സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ 4.45 ന് തീപിടുത്തം നടന്നത്. അഗ്നിശമനസേന തീയണച്ചു. നിര്‍മ്മാണശാലയുടെ മേല്‍ക്കൂരയും ഉപകരണങ്ങളും പണി പൂര്‍ത്തിയാക്കിയ ഫര്‍ണിച്ചറുകളും മര ഉരുപ്പടികളും പൂര്‍ണമായി കത്തിയമര്‍ന്നു. പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് സൂചന.
തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റുകള്‍ രണ്ടേകാല്‍ മണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്. ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ.വി.രാജീവന്‍, സി.വി. ബാലചന്ദ്രന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ രജീഷ്‌കുമാര്‍, സജിത് മിന്നാടന്‍, പി.വി. ഗിരീഷ്, എ.എഫ്.ഷിജോ, നന്ദഗോപാല്‍, അര്‍ജുന്‍, ഹോംഗാര്‍ഡുമാരായ മാത്യു ജോര്‍ജ്, ജയന്‍, സി.വി.രവീന്ദ്രന്‍, അനൂപ് അടിയോടി, സുഗതന്‍ എന്നിവരും തീകെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.
തളിപ്പറമ്പ് ഞാറ്റുവയല്‍ സ്വദേശിയായ പണിക്കരകത്ത് മുഹമ്മദ്ഷാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് റെഡ് വുഡ് ഫര്‍ണിച്ചര്‍.