പാൽച്ചുരം ബോയ്സ് ടൗൺ റോഡിൻ്റെ പാർശ്വഭിത്തി തകർന്ന് വാഹന യാത്രക്കാർക്ക് ഭീഷണി

കൊട്ടിയൂർ: പാൽച്ചുരം ബോയ്സ് ടൗൺ റോഡിൻ്റെ പാർശ്വഭിത്തി തകർന്ന് വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു. റോഡിന്റെ വീതി കുറഞ്ഞ ഭാഗത്ത് നിർമ്മിച്ച പാർശ്വഭിത്തി വാഹനമിടിച്ചാണ് തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പാൽച്ചുരം ബോയ്സ് ടൗൺ റോഡിലെ ഏറ്റവും ഇടുങ്ങിയ സ്ഥലമായ ചെകുത്താൻ തോടിന് സമീപമാണിത്.
ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഒരു പ്രധാന പാതയിൽ വീതി കുറഞ്ഞ ഭാഗത്തു തന്നെ പാർശ്വഭിത്തി തകർന്നത് വാഹന യാത്രക്കാർക്ക് ദുരിതമായി മാറിയിരിക്കുകയാണ്. നിരവധി തവണ വിവിധ മാധ്യമങ്ങളിൽ വാർത്തയായിട്ടും ഇവിടെ ഒരു സൂചനാ ബോർഡുപോലും സ്ഥാപിക്കാൻ അധികൃതർ കൂട്ടാക്കിയിട്ടില്ല.
പ്രദേശത്ത് വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. സമീപത്തുള്ള പാർശ്വഭിത്തിക്കും വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. ഇതും തകർച്ചാ ഭീഷണിയിലാണ്. അടിയന്തിരമായി ഇവിടെ സൂചന ബോർഡ് സ്ഥാപിക്കുകയോ താൽക്കാലിക പാർശ്വഭിത്തി നിർമ്മിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെയും വാഹന യാത്രക്കാരുടെയും ആവശ്യം.