ആനക്കൂട്ടത്തെ ഇന്ന് കാട്ടിലേക്ക് തുരത്തും;ആറളം ഫാമിലും പുനരധിവാസ മേഖലയിലും ജാഗ്രതാനിർദ്ദേശം

Share our post

ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചുകിടക്കുന്ന കാട്ടാനക്കൂട്ടങ്ങളെ തിങ്കളാഴ്ച ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിവിടും. ഇതിന്റെ ഭാഗമായി അധികൃതർ ആറളം ഫാമിലും പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകി.

ഫാമിന്റെ അധീനതയിലുള്ള പ്രദേശങ്ങളെ വന്യമൃഗ ശല്യത്തിൽ നിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാമിന്റെ ഒന്ന് , രണ്ടു, നാല് ബ്ലോക്കുകളിൽ കൃഷിയിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നാല് കിലോമീറ്റർ ദൂരത്തിൽ വൈദ്യുതവേലി നിർമ്മിച്ചു കഴിഞ്ഞു. ഇതിനെത്തുടർന്ന് ഈ മേഖലയിലെ കൃഷിയിടങ്ങളിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ വൈദ്യുതവേലിക്ക് പുറത്തെത്തിച്ച് കാട്ടിലേക്ക് വിടുകയാണ് ചെയ്യുക.

വനം വകുപ്പധികൃതരുടെ സഹായത്തോടെ പുനരധിവാസ മേഖലവഴിയാണ് ആനകളെ തുരത്തി വിടുക. പുനരധിവാസ മേഖലയിലെ മൂന്ന്, അഞ്ച്, ആറ് ബ്ലോക്കുകൾ വഴിയാകും ആനകളെ തുരത്തുക. തിങ്കളാഴ്ച രാവിലെ അതീവ സുരക്ഷ ഒരുക്കി നടത്തുന്ന ദൗത്യത്തിന്റെ ഭാഗമായി ഫാനിനകത്തു കൂടെ കടന്നു പോകുന്ന പാലപ്പുഴ- കീഴ്പ്പള്ളി റോഡ് ഉൾപ്പെടെ എല്ലാ റോഡുകളും അടച്ചിടും. ഒരു വാഹനവും ഇതുവഴി കടന്നുപോകാൻ അനുവദിക്കില്ല. കുട്ടികളുടെ സുരക്ഷാ കണക്കിലെടുത്ത് ഫാമിനകത്ത് പ്രവർത്തിക്കുന്ന ആറളം ഫാം ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിനും ഇന്ന് അവധി നൽകിയിരിക്കയാണ്.

ഒറ്റദിവസം കൊണ്ട് ദൗത്യം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വനം – വന്യജീവി വകുപ്പ് , ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാർ , ഫാമിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർ തുടങ്ങിയവർ ദൗത്യത്തിൽ പങ്കെടുക്കും. പുനരധിവാസ മേഖലയിലെ താമസക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിപ്പ് നൽകിയിരിക്കുകയാണ്. പഞ്ചായത്ത്, പോലീസ് സ്റ്റേഷൻ, പുനരധിവാസ മിഷൻ തുടങ്ങിയവരെയും വിവരം അറിയിച്ചിട്ടുണ്ട്.

പുതിയ അഡ്മിനിസ്ട്രേറ്റർ ഡോ .നിതീഷ് കുമാർ ചാർജ്ജ് എടുത്തതിനു ശേഷം ഫാമിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ഫാമിലെ കാർഷിക മേഖലയെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സോളാർ വേലികൾ സ്ഥാപിച്ചു വരുന്നത്. നാലു കിലോ മീറ്റർ ദൂരത്തിൽ ഇപ്പോൾ സ്ഥാപിച്ച വൈദ്യുത വേലിക്ക് 6 ലക്ഷം രൂപയാണ് ചെലവായത്. ഇതിലൂടെ ഫാമിലെ 3200 ഏക്കറിൽ പുതു കൃഷി ആരംഭിക്കുന്നതോടൊപ്പം നിലവിലെ കൃഷി ശാസ്ത്രീയമായി സംരക്ഷിക്കാനും കഴിയും.

കൂടാതെ കശുവണ്ടി വിളവെടുപ്പ് കാലമായതിനാൽ ആനകളെ തുരത്തുന്നതിലൂടെ വിളവെടുപ്പ് സുഗമമാക്കാനും കഴിയും. കഴിഞ്ഞ തവണ ആനശല്യം മൂലം വിവിധ മേഖലകളിൽ നിന്നും വിളവെടുക്കാൻ കഴിയാഞ്ഞത് മൂലം കശുവണ്ടിയിൽ നിന്നുമുള്ള വരുമാനം ഗണ്യമായി കുറഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!