നമ്പർ പ്ലേറ്റ് മറച്ച് ചരക്കുലോറികളുടെ ‘നമ്പർ’ തടയാതെ അധികൃതർ

Share our post

കണ്ണൂർ: നമ്പർ പ്ലേറ്റുകൾ ഇല്ലാതെയും മറച്ചും ഇതര സംസ്ഥാന ചരക്ക് ലോറികൾ ചീറിപ്പായുമ്പോഴും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. നമ്പർ പ്ലേറ്റുകൾ കാണാത്ത രീതിയിൽ ലോറിയിൽ തോരണങ്ങൾ തൂക്കിയും കൃത്യസ്ഥാനത്ത് നമ്പർ പ്ലേറ്റുകൾ വയ്ക്കാതെയുമാണ് ഇവയുടെ ചിറിപ്പാച്ചിൽ. ദേശീയ പാതയിൽ മാത്രമല്ല മറ്റുള്ള റോഡിലൂടെയും ഇത്തരം വണ്ടികൾ യാതൊരു സുരക്ഷയുമില്ലാതെയാണ് പോകുന്നത്.കോഴികളെയും ഇറച്ചിക്കുള്ള മൃഗങ്ങളെയും കയറ്റിയെത്തുന്ന പല വാഹനങ്ങൾക്കും നമ്പർ പ്ലേറ്റുകൾ കാണാറില്ല. പകൽ സമയത്ത് പോലും ഇത്തരം വാഹനങ്ങൾ നിരത്തിലൂടെ പോകുന്നത് പതിവാണ്.

ഇത്തരം വാഹനങ്ങൾ തട്ടി ആർക്കെങ്കിലും അപകടം പറ്റിയാൽ പിടിക്കാൻ നിരീക്ഷണ കാമറകൾക്ക് പോലും സാധിക്കാത്ത സ്ഥിതിയാണ്. എ.ഐ കാമറയിൽ പോലും ലോറിയുടെ നമ്പർ പതിയില്ല. നമ്പർ പ്ലേറ്റ് മായ്ക്കാൻ അത്രത്തോളം വിദ്യകളാണ് ഡ്രൈവർമാർ സ്വീകരിക്കുന്നത്. ബൈക്ക് യാത്രക്കാർക്ക് ഈ വാഹനങ്ങൾ പലപ്പോഴും പേടിസ്വപ്നമാണ്. രാത്രി ഇതരസംസ്ഥാന ലോറികൾ ചീറിപ്പായുമ്പോൾ മുന്നിൽ ബൈക്ക് യാത്രക്കാരനുണ്ടോ എന്നൊന്നും ഡ്രൈവർമാർ ശ്രദ്ധിക്കാറില്ലെന്ന് ബൈക്ക് യാത്രക്കാർ പറയുന്നു. അഥവാ റോഡിലുള്ള യാത്രക്കാരനെ ഇടിച്ചിട്ടാൽ പോലും ലോറി ഡ്രൈവർ ഒന്ന് തിരിഞ്ഞുനോക്കുക പോലുമില്ല.

ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പർ പ്ലേറ്റുകളെ കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ വലിപ്പവും നിറവും സംബന്ധിച്ചമുള്ള മാനദണ്ഡങ്ങൾ മോട്ടോർ വാഹന വകുപ്പ് കൃത്യമായി നിഷ്‌കർഷിച്ചിട്ടുണ്ട്. അവ്യക്തവും ആശയക്കുഴപ്പവും ഉണ്ടാകുന്ന രീതിയിൽ ഇതിൽ മാറ്റം വരുത്തുവാൻ ആർക്കും അവകാശമില്ല. കാഴ്ചമറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാനും പാടില്ല. ഇത്തരം പ്രവണതകൾക്കെതിരെ പരിശോധന നടത്തി കർശന നടപടികൾ സ്വികരിക്കുമെന്ന് അധികൃതർ പറയുന്നതല്ലാതെ പ്രവർത്തിയിൽ ഒന്നും കാണാനില്ലെന്നാണ് ആക്ഷേപം.

ചട്ടമുണ്ട്, പക്ഷേ…നിയമവിരുദ്ധ പ്രവർത്തനം തടയാൻ എല്ലാ വാഹനങ്ങളുടെയും മുന്നിലും പിന്നിലും കൃത്യമായി നിശ്ചിത വലുപ്പത്തിലും അലങ്കാരങ്ങളോ മറ്റോ ഇല്ലാതെയും നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2019 മുതൽ പുതിയ വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി നമ്പർപ്ലേറ്റ് സംവിധാനം നിലവിൽ വന്നെങ്കിലും പഴയ വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ഇത്തരമൊരു സംവിധാനത്തിലേക്ക് മാറിയിട്ടില്ല. രജിസ്‌ട്രേഷൻ നമ്പർ മറച്ച് വാഹനമോടിച്ചാൽ 250 രൂപയാണ് മോട്ടോർവാഹനവകുപ്പ് നിയമപ്രകാരം പിഴ. പിഴത്തുക ചെറുതായിതിനാൽ അത് അടച്ച് രക്ഷപ്പെട്ട് വീണ്ടും നിയമലംഘനം തുടരുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!