അനധികൃത കെട്ടിട നിർമാണം; പിഴയടച്ച് പരിഹരിക്കാം

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ കെട്ടിട ഉടമകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം. അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനുള്ള കേരള മുനിസിപ്പാലിറ്റി അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കൽ ചട്ടം 2023, കേരള പഞ്ചായത്ത് അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കൽ ചട്ടം 2023 എന്നിവ നിലവിൽ വന്നു.

2019 നവംബർ ഏഴിനു മുമ്പ്‌ നിർമാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്താം. വിജ്ഞാപനം ചെയ്ത റോഡുകളിൽനിന്ന് മൂന്നു മീറ്റർ ദൂരപരിധി പാലിക്കാത്ത കെട്ടിടങ്ങളും ക്രമവൽക്കരിക്കാം. നടപടികൾ ലഘൂകരിച്ചു. 100 ചതുരശ്ര മീറ്റർവരെയുള്ള വീടുകളെ അപേക്ഷാ ഫീസിൽനിന്ന്‌ ഒഴിവാക്കി. നേരത്തേ ഇത് 60 ചതുരശ്ര മീറ്റർവരെയായിരുന്നു. വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും അപേക്ഷാ ഫീസും വെട്ടിക്കുറച്ചു. മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും അപേക്ഷാ ഫീസുകൾ ഏകീകരിച്ചു.

അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്, നെൽവയൽ -തണ്ണീർത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങളാണ് ക്രമവൽക്കരിക്കുന്നത്. ഇതിന് ആവശ്യമായ രീതിയിൽ 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 407(1) വകുപ്പ്, കേരള പഞ്ചായത്തിരാജ് ആക്ടിലെ 235 എ, ബി(1) വകുപ്പ് എന്നിവ ഭേദഗതി ചെയ്താണ് ചട്ടം നിലവിൽ വന്നത്.

വിവിധ തരം ചട്ടലംഘനങ്ങൾക്ക് വ്യത്യസ്ത നിരക്കിലുള്ള പിഴ ഒടുക്കണം. പല കാരണങ്ങളാൽ ചട്ടലംഘനം ഉണ്ടായിട്ടുള്ള നിരവധി കെട്ടിടങ്ങൾ ക്രമവൽക്കരിക്കാൻ സാധിക്കാത്തതിനാലാണ് സംസ്ഥാന സർക്കാർ ചട്ടം രൂപീകരിച്ചതെന്നും കെട്ടിട ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിൽ വർധന ഉണ്ടാക്കാനും ഇത് സഹായിക്കുമെന്നും തദ്ദേശമന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

തദ്ദേശ സെക്രട്ടറിക്ക് 
അപേക്ഷ നൽകാം

അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാൻ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയും കെട്ടിടത്തിന്റെ പ്ലാനും മറ്റ് അനുബന്ധ രേഖകളും തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് നൽകണം. ഫീസും ഒടുക്കണം. ഇവ ജില്ലാതല ക്രമവൽക്കരണ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും. ജില്ലാ ജോയിന്റ് ഡയറക്ടർ ചെയർമാനും ജില്ലാ ടൗൺ പ്ലാനർ കൺവീനറും ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ സെക്രട്ടറിയും എൻജിനിയറും അംഗങ്ങളുമായതാണ് കമ്മിറ്റി. തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് സംസ്ഥാന അപ്പീൽ കമ്മിറ്റിയെ സമീപിക്കാം.

പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ചീഫ് ടൗൺ പ്ലാനർ കൺവീനറുമായ സംസ്ഥാന കമ്മിറ്റിയിൽ റൂറൽ/ അർബൻ ഡയറക്ടർ, ചീഫ് എൻജിനിയർ എന്നിവർ അംഗങ്ങളാണ്. സംസ്ഥാന അപ്പീൽ കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് അപ്പലറ്റ് അതോറിറ്റിയായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അപ്പീൽ നൽകാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!