ദക്ഷിണാഫ്രിക്കന്‍ വിഖ്യാത ക്രിക്കറ്റ് താരം മൈക്ക് പ്രോക്ടര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന മൈക്ക് പ്രോക്ടര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നുണ്ടായ ശസ്ത്രക്രിയക്കിടെ അസ്വസ്ഥതകളുണ്ടായി. പിന്നാലെ അബോധാവസ്ഥയിലാകുകയും മരണപ്പെടുകയുമായിരുന്നെന്ന് കുടുംബം അറിയിച്ചു.
മികച്ച ഓള്‍ റൗണ്ടറായിരുന്ന പ്രോക്ടര്‍, കരിയറില്‍ 21,936 റണ്‍സും 1,417 വിക്കറ്റുകളും നേടിയിട്ടുണ്ട്. 48 സെഞ്ചുറികളും നേടി. 401 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളാണ് കളിച്ചത്. 70 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ ടീമിലെ അക്കാലത്തെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു മൈക്ക് പ്രോക്ടര്‍. 1970കളില്‍ വര്‍ണവിവേചനത്തിന്റെ പേരില്‍ ദക്ഷിണാഫ്രിക്കയെ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിലക്കിയത് പ്രോക്ടറിന്റെ കരിയറിന് തിരിച്ചടിയായി.
ഇംഗ്ലീഷ് കൗണ്ടി ഗ്ലോസെസ്റ്റര്‍ഷയര്‍ ടീമിനുവേണ്ടി 13 വര്‍ഷത്തോളം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറു മത്സരങ്ങളില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. ബൗളിങ്ങില്‍ നിരവധി തവണ ഹാട്രിക്കും സ്വന്തമാക്കിയിട്ടുണ്ട്.
കളിക്കളം വിട്ടതിനു ശേഷം കോച്ചായും മാച്ച് റഫറിയായും പ്രവര്‍ത്തിച്ചു. 2008-ല്‍ സിഡ്‌നിയില്‍ റഫറിയായിരിക്കേ, വംശീയത ആരോപിച്ച്് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെ മൂന്ന് മത്സരങ്ങളില്‍ വിലക്കിയത് അദ്ദേഹമായിരുന്നു.