കടുത്ത ചൂടിൽ നിലതെറ്റി കാർഷികവിളകൾ വെന്തും കരിഞ്ഞും

കണ്ണൂർ: ഡിസംബർ വരെ മഴ നീണ്ടിട്ടും തൊട്ടുപിന്നാലെയെത്തിയ പൊള്ളുന്ന ചൂടിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു. ഡിസംബറിലെ മഴ കശുമാവ് പൂക്കുന്നത് വൈകിച്ചതിന് പിന്നാലെയാണ് പൂത്തുതുടങ്ങിയ തോട്ടങ്ങൾ കൊടുംചൂടിൽ കത്തിക്കരിയുന്നത്. കനത്ത വിളനഷ്ടം തന്നെ ഇതുമൂലമുണ്ടാകാമെന്നാണ് കാർഷിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ഏതാനും ദിവസങ്ങളായി കണ്ണൂർ ജില്ലയിൽ ചൂട് 36 ഡിഗ്രിയ്ക്കു മുകളിലാണ് . ചില ദിവസങ്ങളിൽ 38 ഡിഗ്രി വരെ എത്തി.നെല്ലിനെയാണ് ക്രമാതീതമായ ചൂട് ഏറ്റവും ദോഷകരമായി ബാധിക്കുകയെന്ന് വിദഗ്ധർ പറയുന്നു പറയുന്നു.
കൃഷിയിടങ്ങളിൽ ജലസേചനം നടത്തുമ്പോൾ ഒഴിക്കുന്ന വെള്ളം കനത്ത ചൂടിൽ വേഗത്തിൽ നീരാവിയായി പോകുന്നതായി കർഷകർ പറയുന്നു. വെള്ളമൊഴിച്ചിട്ടും കൃഷിക്ക് കാര്യമായ ഗുണമില്ലാതാവുകയാണ്.കൂടിയ ചൂട് വിളകളുടെ വേരുകളുടെ വളർച്ചയെ ബാധിക്കുന്നു. പലയിടത്തും കുടിവെള്ള സ്രോതസ്സുകളിലെ ജലനിരപ്പ് താഴ്ന്നതോടെ കൃഷി നനക്കുന്നതിന് മാർഗമില്ലാതെയായി. പുഴകളിലും തോടുകളിലും നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞു.
വേനൽച്ചൂട് കൂടിയതോടെ വനങ്ങളിലെ ജലസ്രോതസ്സുകൾ വറ്റിയാൽ മൃഗങ്ങൾ വെള്ളം തേടി നാട്ടിലിറങ്ങും. സാധാരണ മലയോരത്ത്.വേനൽക്കാലത്താണ് വന്യമൃഗങ്ങളുടെ ഭീഷണി കൂടുതൽ. വേനൽ ശക്തമായാൽ ആനക്കൂട്ടങ്ങൾ ജലാശങ്ങളുടെ പരിസരങ്ങളിലാണ് കേന്ദ്രീകരിക്കുക. ആനകൾ കുടിച്ചും കുളിച്ചും ജലാശയങ്ങളിലെ വെള്ളം വേഗത്തിൽ വറ്റിക്കും.
നെൽച്ചെടികൾ താങ്ങും 35 ഡിഗ്രി വരെ
നെൽച്ചെടികൾക്കു സാധാരണ 32 ഡിഗ്രി മുതൽ 35 ഡിഗ്രി വരെ താങ്ങാൻ കഴിയും. ചൂടു കൂടിയാൽ വിളവ് എത്തേണ്ട സമയത്തിനു മുൻപ് നെൽച്ചെടികൾ കതിരിടുകയും വിളയുകയും ചെയ്യും. സാധാരണ ഗതിയിൽ 85 ദിവസം കൊണ്ടാണു നെൽച്ചെടികൾ കതിരിടുക. ചൂടു കൂടിയതോടെ 75 ദിവസം കൊണ്ടു തന്നെ കതിരിടും. ചൂടിന്റെ ശക്തി വർദ്ധിക്കുന്നതോടെ, നെല്ലിന്റെ ഓലകൾ കരിഞ്ഞുണങ്ങുകയും ചെയ്യും.
ഇത് ക്ഷീരമേഖലയ്ക്കും തിരിച്ചടിയാകും. ഒരേക്കർ പാടത്തു നിന്നു കൃത്യസമയത്ത് വിളവെത്തിയാൽ ശരാശരി 25 ക്വിന്റൽ നെല്ലാണ് ലഭിക്കേണ്ടത്. എന്നാൽ കാലാവധി എത്തും മുൻപ് വിളഞ്ഞാൽ ഇത് 20 ക്വിന്റലായി കുറയും. കാഴ്ചയിൽ നെൽച്ചെടികളിൽ മാറ്റം കാണുകയില്ലെങ്കിലും പതിരിന്റെ അളവ് കൂടും. ചൂട് കാറ്റ് ശക്തമാകുന്നതാണ് പതിരു കൂടാൻ കാരണം.
ഒടിഞ്ഞുവീണ് വാഴ
കരക്കൃഷിക്കും വർദ്ധിക്കുന്ന ചൂട് പ്രതിസന്ധി സൃഷ്ടിക്കുന്നു. വാഴക്കർഷകരാണ് ഏറെ വലയുന്നത്. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ ചൂട് കാറ്റിൽ ഒടിഞ്ഞു വീഴുകയാണ്. പാവൽ, പടവലം, വെള്ളരി എന്നിവയുടെ ഉൽപാദനം കുറഞ്ഞു. ചൂടുകൂടിയ സമയത്ത് ലഭിക്കുന്ന വിളവിന് വലുപ്പം കുറവായതിനാൽ മാർക്കറ്റിൽ വേണ്ടത്ര വില ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. കൃഷി വരുമാനമാർഗമാകകുന്നതിന് ശീതകാല പച്ചക്കറി കൃഷിക്കിറങ്ങിയ കുടുംബ ശ്രീ കൂട്ടായ്മകൾ നിരാശയിലാണ്.