അഗ്നിച്ചിറകിൽ ഇനി പെൺ കരുത്ത്‌ ; ചരിത്രത്തിലാദ്യമായി ഫയർ ഫോഴ്‌സിൽ വനിതകൾ

Share our post

തൃശൂർ : ഒന്നിനൊന്ന്‌ മികച്ച, ശാരീരികമായും മാനസികമായും കരുത്തരായ, തീയും പുകയും ദുരന്തവും ഒരുപോലെ നേരിടാനും രക്ഷകരാകാനും പാകപ്പെടുത്തിയവർ. സംസ്ഥാന അഗ്നിരക്ഷാ സേനയിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായി ഇനി 82 സ്‌ത്രീകളുണ്ടാകും. സേനയിലെ ആദ്യ വനിതാ ഫയർ ആൻഡ്‌ റെസ്‌ക്യു ഓഫീസർമാരാണ്‌ ഫയർ സ്‌റ്റേഷനുകളിൽ ചുമതലയേൽക്കാനായൊരുങ്ങുന്നത്‌.

“ഫയർ ആൻഡ് റെസ്ക്യു ഓഫീസർ തസ്‌തികയിലേക്കുള്ള നോട്ടിഫിക്കേഷൻ വന്നാൽ മാറിനിന്ന്‌ നോക്കിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഞങ്ങൾ സ്‌ത്രീകളും സേനയുടെ ഭാഗമായതിൽ അഭിമാനമാണ്‌. ഇതൊരു ചരിത്രനേട്ടമല്ലേ..’ വനിതാ ഫയർ ആൻഡ്‌ റെസ്‌ക്യു ഓഫീസറായ ആമിന അസീസിന്റെ വാക്കുകൾ. വിയ്യൂരിലെ കേരള ഫയർ ആൻഡ്‌ റെസ്‌ക്യു സർവീസസ്‌ അക്കാദമിയിൽ പരിശീലനം നേടുന്നവർക്കെല്ലാം അഭിമാന നേട്ടത്തെക്കുറിച്ച്‌ പറയാൻ ഒരുപാടുണ്ട്‌. ഒപ്പം സ്‌ത്രീകൾക്കായി സേനയിൽ തസ്‌തികയൊരുക്കിയ കേരള സർക്കാരിനോടുള്ള നന്ദിയും. എൽ.ഡി.എഫ്‌ സർക്കാരാണ്‌ വനിതാ ഓഫീസർമാർക്കായി 100 തസ്‌തിക ഒരുക്കിയത്‌. രാജ്യത്ത്‌ ആദ്യമായാണ്‌ ഏറ്റവുമധികം വനിതകൾ ഒന്നിച്ച്‌ പങ്കെടുക്കുന്ന അഗ്നിരക്ഷാ പ്രവർത്തന പരിശീലനം നടക്കുന്നത്‌.

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്ന്‌ 15 പേരും മറ്റ് ജില്ലാ ആസ്ഥാനങ്ങളിൽ അഞ്ചുപേർ വീതവുമാണ്‌ ഉണ്ടാവുക. ഒരു വർഷമാണ്‌ ആകെ പരിശീലനം. അക്കാദമിയിലെ ആറുമാസത്തെ അടിസ്ഥാന പരിശീലനത്തിനുശേഷം വിവിധ നിലയങ്ങളിൽ ആറുമാസം സ്റ്റേഷൻ പരിശീലനവുമാണ്‌. സൈനിക പരിശീലനം കഴിഞ്ഞാൽ ഏറ്റവുമധികം കഠിനമായ പ്രായോഗിക പരിശീലനം നൽകുന്നത്‌ അഗ്നി രക്ഷാസേനയിലാണ്‌. ഇതാണ്‌ ഈ 82 പേരും വിജയകരമായി പൂർത്തിയാക്കിയത്‌. ഓഫീസർമാരുടെ പാസിങ്‌ ഔട്ട്‌ പരേഡ്‌ 25 ന്‌ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!