മാലിന്യം കുന്നുകൂടി, പഴശി പാര്‍ക്ക് നടത്തിപ്പുകാരന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴയിട്ടു

Share our post

ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പഴശ്ശി ഗാര്‍ഡന്‍ പാര്‍ക്കില്‍ ജൈവ,അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളിയതിന് പാര്‍ക്ക് നടത്തിപ്പുകാരനെതിരെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി ഡി.ടി.പി.സിയില്‍ നിന്നും പാര്‍ക്ക് ലീസിനെടുത്ത പിപി.സിദിഖിനെതിരെയാണ് പിഴ ചുമത്തിയത്.

പതിനായിരം രൂപ പിഴ ചുമത്തി നടപടികള്‍ സ്വീകരിക്കാന്‍ ഇരിട്ടി നഗരസഭയ്ക്ക് സ്‌ക്വാഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ക്കിന് പിറകിലെ കനാലില്‍ ജൈവ- അജൈവ മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി കുഴിയില്‍ നിക്ഷേപിച്ചതായി സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. മറ്റൊരു കുഴിയില്‍ മാലിന്യങ്ങള്‍ കരിയില ഉള്‍പ്പെടെ കൂട്ടിയിട്ട് കത്തിച്ചതായും സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കരാര്‍ വ്യവസ്ഥ പ്രകാരം പാര്‍ക്കിലെ മാലിന്യ സംസ്‌കരണം നടത്തിപ്പുകാരന്റെ ചുമതലയാണെങ്കിലും അത്തരം സംവിധാനങ്ങള്‍ ഒന്നും പാര്‍ക്കില്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. സന്ദര്‍ശകള്‍ ഡിസ്‌പോസിബിള്‍ വസ്തുകള്‍ പാര്‍ക്കിനകത്തേക്ക് കൊണ്ടുവരുന്നത് വിലക്കണമെന്നും അവരുടെ ശ്രദ്ധ പതിയുന്ന രീതിയില്‍ ഹരിത പെരുമാറ്റച്ചട്ടം സംബന്ധിച്ച അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും സ്‌ക്വാഡ് നിര്‍ദ്ദേശിച്ചു

ശ്യചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന സ്‌ക്വാഡ് പിഴ ചുമത്തുന്ന മൂന്നാമത്തെ പാര്‍ക്കാണ് ഇരിട്ടിയിലെ പഴശ്ശി ഗാര്‍ഡന്‍. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ടീം ലീഡര്‍ ഇ.പി.സുധീഷ്, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ.ആര്‍. അജയകുമാര്‍, ഷെറീകുല്‍ അന്‍സാര്‍, ഇരിട്ടി മുനിസിപ്പാലിറ്റി ക്ലീന്‍ സിറ്റി മാനേജര്‍ രാജീവന്‍ കെവി.,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനീഷ്യമോള്‍ ബിവി, എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

കഴിഞ്ഞ ജനുവരിയില്‍ പാര്‍ക്കില്‍ നടന്ന പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നുറു കണക്കിനാളുകളാണ് പഴശിഗാര്‍ഡനില്‍ എത്തിയിരുന്നത്. വരും ദിവസങ്ങളിലും കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!