അഗ്നിരക്ഷാ സേനയ്ക്ക് രക്ഷ; മട്ടന്നൂരിൽ ഇനി സ്വന്തം കെട്ടിടം

മട്ടന്നൂർ: വാടകക്കെട്ടിടങ്ങളിൽ നിന്നു മോക്ഷം, മട്ടന്നൂർ അഗ്നിരക്ഷാ നിലയത്തിന് ഇനി അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്വന്തം കെട്ടിടം. 5.53 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം ഈ മാസം 20നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ-തലശ്ശേരി റോഡിൽ ജലസേചന വകുപ്പിൽ നിന്നു ലഭ്യമായ സ്ഥലത്താണു കെട്ടിടം നിർമിച്ചത്. വിമാനത്താവള നഗരമായതുകൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലതും ആധുനിക സജ്ജീകരണങ്ങളോടു കൂടിയതുമായ അഗ്നിരക്ഷാ നിലയമാണ് മട്ടന്നൂരിൽ യാഥാർഥ്യമാക്കുന്നത്.
സൗകര്യങ്ങൾ ഏറെ
രണ്ടു നിലകളിൽ നിർമിച്ച ഫയർ സ്റ്റേഷന്റെ താഴത്തെ നില 1062 ചതുരശ്ര അടിയുണ്ട്. ഇവിടെ ഓഫിസ്, സ്റ്റേഷൻ ഓഫിസർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ തുടങ്ങിയവരുടെ ഓഫിസ് മുറികൾ, റെക്കോർഡ് റൂം, കംപ്യൂട്ടർ റൂം, ലൈബ്രറി റൂം, സ്മാർട്ട് ക്ലാസ് റൂം, മെഡിക്കൽ റൂം, മെക്കാനിക്കൽ റൂം, കിച്ചൻ, ഡൈനിങ്, സ്റ്റോറേജ് റൂമുകൾ, വാഹന ഗാരിജ്, അഗ്നിരക്ഷാ വാഹനങ്ങളിൽ വെള്ളം നിറയ്ക്കാനുള്ള വാട്ടർ ടാങ്ക് തുടങ്ങിയവയാണുള്ളത്. 625 ചതുരശ്ര അടിയുള്ള മുകളിലത്തെ നിലയിൽ റിക്രിയേഷൻ റൂം, ജീവനക്കാർക്കുള്ള വിശ്രമ മുറി, ലോഞ്ച്, സ്റ്റോർ മുറികൾ, ഭാവി വികസനത്തിനായി ഉപയോഗിക്കാൻ പാകത്തിൽ തുറന്ന ടെറസ്സ് എന്നിവയാണ് നിർമിച്ചിട്ടുള്ളത്.
ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം
വെള്ളിയാംപറമ്പിൽ വാടക കെട്ടിടത്തിലായിരുന്നു മട്ടന്നൂർ അഗ്നിരക്ഷാ നിലയത്തിന്റെ ആരംഭം. അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരായിരുന്നു ഉദ്ഘാടനം ചെയ്തത്. പിന്നീട് കെട്ടിടത്തിന്റെ പഴക്കം കാരണം ഒരു ഭാഗം തകർന്നു വീണപ്പോൾ അവിടെ നിന്ന് ഒഴിയേണ്ടി വന്നു. ഇരിട്ടി റോഡിൽ താൽക്കാലിക സംവിധാനം ഒരുക്കിയെങ്കിലും അവിടെയും സൗകര്യം ഇല്ലാതായി. ഇപ്പോൾ കണ്ണൂർ റോഡിൽ സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലാണ് അഗ്നിരക്ഷാ നിലയം പ്രവർത്തിക്കുന്നത്.
നിർമാണം അതിവേഗം
പഴശ്ശി ജലസേചന പദ്ധതിയിൽ നിന്നു കൈമാറിക്കിട്ടിയ സ്ഥലത്ത് പഴശ്ശി കനാലിന്റെ കരയിലാണു കെട്ടിടം പണിതത്. കോഴിക്കോട് മുക്കത്തെ പുറായിൽ ഗ്രൂപ്പ് ഓഫ് കൺസ്ട്രക്‌ഷനാണ് കരാർ പണി പൂർത്തിയാക്കിയത്. മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലജീഷ്കുമാർ, അസിസ്റ്റന്റ് എൻജിനീയർ സനില പ്രകാശൻ എന്നിവർ നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾക്കായി മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.