രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, നഷ്ടപരിഹാരം പത്തു ലക്ഷം കൈമാറും

പുല്‍പ്പള്ളി: വയനാട്ടിലെ കുറുവാ ദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇക്കോ ടൂറിസം ജീവനക്കാരന്‍ പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പോളിന്റെ മരണത്തിനുപിന്നാലെ, നിരന്തരം വന്യജീവി ആക്രമണം നേരിടുന്ന വിഷയം ഉന്നയിച്ച് വലിയതോതിലുള്ള പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ അരങ്ങേറിയത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ അടക്കം വിമര്‍ശിച്ചുകൊണ്ട് ജനം രംഗത്തെത്തി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനം അറിയിച്ച ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
ഇതിനിടെ, വയനാട് എം.പി. രാഹുല്‍ ഗാന്ധി, ശനിയാഴ്ച വൈകിട്ട് മണ്ഡലത്തിലെത്തും. കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. നിലവില്‍ ഭാരത് ജോഡോ ന്യായ് യാത്രയിലാണ് രാഹുല്‍. വാരണാസിയില്‍നിന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. ശേഷം ഞായറാഴ്ച പ്രയാഗ് രാജില്‍ നടക്കുന്ന ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ അദ്ദേഹം തിരികെ പോകും.
വയനാട്ടിലെ ജനങ്ങള്‍ ഗുരുതര പ്രശ്നം നേരിടുമ്പോള്‍ മണ്ഡലത്തിലെ എം.പി. എവിടെ എന്ന ചോദ്യങ്ങളും വിവിധ കോണില്‍നിന്ന് ഉയര്‍ന്നിരുന്നു.മരിച്ച പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അടിയന്തരമായി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഭാര്യയ്ക്ക് ജോലി, കുട്ടിയുടെ പഠന ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ രേഖാമൂലമുള്ള മറുപടിയാണ് വേണ്ടത് എന്ന് പോളിന്റെ ബന്ധുക്കള്‍ പറഞ്ഞു.
പുല്‍പ്പള്ളിയിലെ യോഗതീരുമാനം മാത്രം പോര, രേഖാമൂലം അറിയിക്കണം എന്നായിരുന്നു കുടുംബാംഗങ്ങളുടെ ആവശ്യം. തുടര്‍ന്ന് എ.ഡി.എം. ദേവകി സ്ഥലത്തെത്തി മൈക്കില്‍ കൂടി തീരുമാനങ്ങള്‍ വായിച്ചു. ആദ്യഘട്ട നഷ്ടപരിഹാരമെന്നോണം 10 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഇതില്‍ അഞ്ച് ലക്ഷം ഇന്നുതന്നെ കൈമാറുമെന്നും ബാക്കി അഞ്ചുലക്ഷം പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് കൈമാറുമെന്നും അറിയിച്ചു.
50 ലക്ഷം രൂപയായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ മന്ത്രിസഭാ തീരുമാനമില്ലാതെ ഇത് സാധ്യമല്ല. അതുകൊണ്ട് സര്‍ക്കാരിലേക്ക് ഇത് ശുപാര്‍ശ ചെയ്യും. ഭാര്യയ്ക്ക് വനംവകുപ്പില്‍ താത്കാലിക ജോലി ഉടന്‍ നല്‍കും. സ്ഥിരം ജോലിക്കായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും- തുടങ്ങിയ കാര്യങ്ങളില്‍ ഉറപ്പുനല്‍കുകയായിരുന്നു.
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പുൽപ്പള്ളി പഞ്ചായത്തിൽ ശനി, ഞായർ ദിവസങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുൽപ്പള്ളി നഗരത്തിൽ പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് ലാത്തി വീശിയിരുന്നു. തുടർന്ന് മരിച്ച പോളിന്റെ കുടുംബത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള സഹായങ്ങൾ ഉറപ്പുലഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.