വയനാട്ടില്‍ നാളെ എൽ.ഡി.എഫ് – യു.ഡി.എഫ്- ബി.ജെ.പി ഹർത്താൽ

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ കൊല്ലപ്പെട്ടതിലും വയനാട്ടില്‍ വന്യമൃഗ ആക്രമണം രൂക്ഷമായതിലും പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യു.ഡി.എഫ്- എൽ.ഡി.എഫ് – ബി.ജെ.പി ഹര്‍ത്താല്‍. കാട്ടാന ആക്രമണത്തിൽ 17 ദിവത്തിനിടയിൽ മൂന്ന് പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ.
വന്യമൃഗ ആക്രമണത്തില്‍ വയനാട്ടില്‍ ഈ വര്‍ഷം മാത്രം മൂന്ന് മരണങ്ങള്‍ സംഭവിച്ചു. മൂന്നാമത്തെ മരണമാണ് പോളിന്റേത്. ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പോളിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചത്. ഒരു മണിക്കൂര്‍ 57 മിനിറ്റ് എടുത്താണ് റോഡ് മാര്‍ഗ്ഗം പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പോളിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും മെഡിക്കല്‍ കോളേജില്‍ ഒരുക്കിയിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട പോളിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.