വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക; കേരള പോലീസ് മുന്നറിയിപ്പ്

Share our post

കണ്ണൂർ : വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രണ്ടോ മൂന്നോ സ്ത്രീകൾ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കിൽ ഇരുമ്പിൻ്റെ കഷണം വീടിനു സമീപം അല്ലെങ്കിൽ കോമ്പൗണ്ടിനുള്ളിൽ വെയ്ക്കുന്നു. തുടർന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെൽ അമർത്തുകയും മറ്റു രണ്ടു സ്ത്രീകൾ വീടിൻ്റെ രണ്ടു വശങ്ങളിലായി മാറിനിൽക്കുകയും ചെയ്യുന്നു. വാതിൽ തുറക്കുന്ന ആളിനോട് താൻ ആക്രി പെറുക്കാൻ വന്നതാണെന്ന് പറയുകയും വീട്ടിലുള്ള പഴയ സാധനങ്ങൾക്ക് നല്ല വില തരാമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

ഇതിൽ വീഴുന്ന വീട്ടുടമ മുന്നിൽ നിൽക്കുന്ന സ്ത്രീയുമായി വീടിൻ്റെ പിൻവശത്തേയ്ക്ക് അല്ലെങ്കിൽ പഴയ വസ്തുക്കൾ വെച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു. അവർ ഈ സമയം വളരെ നല്ല രീതിയിൽ വീട്ടുടമയോട് ഇടപഴകാൻ തുടങ്ങും. ബാക്കി രണ്ടു സ്ത്രീകൾ ഈ അവസരം മുതലെടുത്ത് മുൻവശത്തുകൂടിയോ പിൻവശത്തുകൂടിയോ വീടിനകത്തു കടന്ന് വില പിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുന്നു.

കാളിങ് ബെൽ അടിച്ചശേഷം വീടുകളിൽ ആരുമില്ല എന്ന് മനസിലായാൽ പുറത്തു കാണുന്ന അല്ലെങ്കിൽ കിട്ടുന്ന സാധനങ്ങൾ എടുത്തുകൊണ്ടുപോകാറാണ് പതിവ്. ഇത്തരമൊരു സംഭവം കഴിഞ്ഞ ദിവസം തൃശൂർ സിറ്റിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 പവൻ സ്വർണമാണ് അവിടെ നഷ്ടമായത്.

അപരിചിതർ വീട്ടിലേക്ക് കടന്നുവരുമ്പോൾ അങ്ങേയറ്റം ശ്രദ്ധ പുലർത്തുക. അവശ്യ സന്ദർഭങ്ങളിൽ 112 എന്ന നമ്പറിൽ പോലീസിനെ വിളിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!