‘എച്ച്’ എടുത്താൽ ലൈസൻസ് കിട്ടില്ല; റിവേഴ്സും പാർക്കിംഗും ചെയ്യണം

Share our post

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം മോട്ടോർ വാഹനവകുപ്പ് മേയ് മുതൽ നടപ്പാക്കിയേക്കും. ഇതനുസരിച്ചുള്ള പരിശോധനാ കേന്ദ്രങ്ങൾകൂടി ഒരുക്കേണ്ടതുണ്ട്. എന്നാൽ, ഡ്രൈവിങ് സ്‌കൂൾ ഉടമകളാണോ സർക്കാരാണോ ഒരുക്കേണ്ടതെന്ന കാര്യത്തിൽ അനിശ്ചിതത്ത്വമുണ്ട്. പരിഷ്‌കാരം സംബന്ധിച്ച് നിർദേശമറിയിക്കാൻ ചുമതലപ്പെടുത്തിയ പത്തംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

പഴയതുപോലെ ‘എച്ച്’ എടുത്ത് ഇനി കാർ ലൈസൻസുമായി പോകാനാകില്ല. കയറ്റവും ഇറക്കവും റിവേഴ്‌സ് പാർക്കിങ്ങുമൊക്കെയുള്ള മാതൃകയാണ് ഒരുക്കിയിരിക്കുന്നത്. സമാന്തര പാർക്കിങ്, ആംഗുലാർ പാർക്കിങ് തുടങ്ങിയവയുമുണ്ട്. ടേണിങ് റേഡിയസ് കുറഞ്ഞ വണ്ടിയും പരിശോധിച്ചാണ് പുതിയ രീതി രൂപപ്പെടുത്തിയിരിക്കുന്നത്. 

ഈ സംവിധാനങ്ങളെല്ലാം മൈതാനത്ത് ഒരുക്കണം. ഇതു വിശദീകരിക്കാനായി ഡ്രൈവിങ് സ്കൂ‌ൾ ഉടമകളുടെ യോഗം കഴിഞ്ഞദിവസം വിളിച്ചിരുന്നു. പുതിയരീതി ഉടൻ നടപ്പാക്കുമെന്നും അറിയിച്ചു. പരിശോധനാകേന്ദ്രങ്ങൾ ഒരുക്കണമെന്നു സ്‌കൂളുകാരോട് നിർദേശിച്ചിരുന്നു. ചിലർ സമ്മതിച്ചെങ്കിലും ചെലവോർത്ത് അവരിപ്പോൾ ആശങ്കയിലാണ്.

നിലവിലെ പരിശോധനാരീതിയനുസരിച്ച് ഏത്  മൈതാനത്തും ‘എച്ച്’ എടുപ്പിക്കാം. എന്നാൽ, പരിഷ്‌കരിച്ച രീതിയിൽ കുറച്ചുകൂടി സൗകര്യങ്ങൾ വേണം. ഇതൊരുക്കാൻ മൂന്നുമുതൽ അഞ്ചുലക്ഷം രൂപവരെ  ചെലവാകുമെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ പറയുന്നു.

സംസ്ഥാനത്ത് 86 ഡ്രൈവിങ് പരിശോധനാ കേന്ദ്രങ്ങളാണുള്ളത്. ഇതിൽ പത്തെണ്ണമേ മോട്ടോർവാഹന വകുപ്പിൻ്റേതായുള്ളൂ. മറ്റിടങ്ങളിൽ പൊതുസ്ഥലങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെ സ്ഥിരം സംവിധാനമൊരുക്കാൻ സാധിക്കുകയുമില്ല. അവിടങ്ങളിൽ പുതിയസ്ഥലം കണ്ടെത്തേണ്ടിവരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!