സപ്ലൈകോ സബ്‌സിഡി കുറച്ചു; ഇനി 35% മാത്രം,13 ഇനങ്ങൾക്ക് വില ഉയരും

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. 13 ഇനം സാധനങ്ങൾക്ക് നൽകി വന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില.

2016 ൽ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാഗ്ദാനമായിരുന്നു അടുത്ത അഞ്ച് വര്‍ഷത്തേക്ക് സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കില്ല എന്നത്. തുടര്‍ഭരണം ലഭിച്ച് മൂന്ന് വര്‍ഷം കൂടെ പിന്നിട്ട ശേഷമാണ് സപ്ലൈകോ സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക.

നിലവിൽ ഇടതുമുന്നണിയിൽ സി.പി.ഐ.യാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. മുന്നണിയിൽ പാര്‍ട്ടി നേതാക്കൾ തന്നെ സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധി മുൻനിര്‍ത്തി വില വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശം വെച്ചിരുന്നു. വിശദമായി പലപ്പോഴായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിൽ നവംബര്‍ മാസത്തിലാണ് എൽ.ഡി.എഫ് നേതൃയോഗം വില വര്‍ധിപ്പിക്കാമെന്ന് തീരുമാനിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മന്ത്രിസഭാ യോഗം വില വര്‍ധിപ്പിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!