ആറളം ഫാമില്‍നിന്നും വീണ്ടും പന്നിപ്പടക്കം കണ്ടെത്തി

ഇരിട്ടി: ആറളം ഫാം മേഖലയിലെ കൃഷിയിടത്തില്‍ നായാട്ടിനായി ഉപയോഗിക്കുന്ന പന്നിപ്പടക്കം കണ്ടെത്തി. ഫാമിലെ തൊഴിലാളികളുടെ ജീവന് പോലും ഭീഷണിയാവുന്ന രീതിയില്‍ കൃഷിയിടത്തില്‍ രണ്ടാം തവണയാണ് പന്നിപ്പടക്കം കണ്ടെത്തുന്നത്.
രണ്ടുമാസം മുൻപ് ആറളം ഫാം ബ്ലോക്ക് ഒന്നിലും രണ്ടിലും പന്നിപ്പടക്കം കണ്ടെത്തിയിരുന്നു. കൃഷിയിടങ്ങളില്‍ ട്രാക്ടർ പോകുന്നതിനിടയില്‍ പന്നിപ്പടക്കം പൊട്ടിയ സംഭവവുമുണ്ടായിട്ടുണ്ട്. ഇന്നലെ രാവിലെയാണ് വീണ്ടും ആറളം ഫാം മൂന്നാം ബ്ലോക്കിലെ കശുമാവിൻ തോട്ടത്തില്‍ പന്നിപ്പടക്കം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആറളം പോലീസ് പന്നിപ്പടക്കം നിർവീര്യമാക്കി. മേഖലയില്‍ കാട്ടുപന്നി, മലാൻ തുടങ്ങിയ വന്യ മൃഗങ്ങളെ വ്യാപകമായി വേട്ടയാടുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഫാമിനുള്ളില്‍ പന്നിപ്പടക്കം പൊട്ടി കാട്ടാനകള്‍ളുപ്പെടെ ചെരിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട്.
മനുഷ്യരുടെ ജീവന് തന്നെ ഭീഷണി ആകും വിധമാണ് മൃഗങ്ങളെ വേട്ടയാടാൻ ഫാമിലെ കൃഷിയിടത്തില്‍ പന്നിപ്പടക്കം വയ്ക്കുന്നത്. ഇത് കൃഷിയിടത്തില്‍ തൊഴിലാളികള്‍ അപകടത്തില്‍പെടാൻ സാധ്യതയുള്ളതും അധികൃതർ തള്ളിക്കളയുന്നില്ല. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.