മൂന്നാംവഴിക്ക് വീണ്ടും ക്ഷീര വികസന വകുപ്പിൻ്റെ മാധ്യമ പുരസ്കാരം

മൂന്നാംവഴി സഹകരണ മാസികക്ക് ക്ഷീര വികസന വകുപ്പിൻ്റെ 2023-ലെ സംസ്ഥാന മാധ്യമ പുരസ്കാരം ലഭിച്ചു. മൂന്നാംവഴിയുടെ 2023 ഒക്ടോബർ ലക്കത്തിൽ അനിൽ വള്ളിക്കാട് എഴുതിയ ‘പാലുൽപ്പാദനം ആഘോഷമാക്കിയ പാലക്കാട്ടെ മുതലമട ഗ്രാമം’ എന്ന ലേഖനത്തിനാണ് അവാർഡ്. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ഡോ. വർഗീസ് കുര്യൻ അവാർഡ് നേടിയ മുതലമട (കിഴക്ക്) ക്ഷീര വ്യവസായ സഹകരണ സംഘത്തെക്കുറിച്ചാണ് ലേഖനം.
പാലക്കാടിന്റെ കിഴക്കൻമേഖലയിലെ ക്ഷീരകർഷകരുടെ പശുപരിപാലന സംസ്‌കാരവും ചരിത്രവും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. ഇടുക്കി അണക്കരയിൽ നടക്കുന്ന ത്രിദിന സംസ്ഥാന ക്ഷീര കർഷക സംഗമത്തിൽ ഫെബ്രുവരി 19 ന് അനിലിന് അവാർഡ് സമ്മാനിക്കും. 25,000 രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
‘അമ്പായത്തോട് ക്ഷീരസംഘത്തിൻ്റെ വിജയഗാഥ’ എന്ന തലക്കെട്ടിൽ നാസർ വലിയേടത്ത് മൂന്നാംവഴിയുടെ 2018 ഫെബ്രുവരി ലക്കത്തിൽ കണ്ണൂർ അമ്പായത്തോട് ക്ഷീരോൽപ്പാദക വനിതാ സഹകരണ സംഘത്തെക്കുറിച്ചെഴുതിയ ലേഖനത്തിന് 2019 ൽ ക്ഷീര വികസനവകുപ്പിൻ്റെ പുരസ്‌കാരം ലഭിച്ചിരുന്നു. 2020 ലെ മികച്ച കാർഷികഫീച്ചറിനുള്ള കൃഷിവകുപ്പിൻ്റെ ആർ. ഹേലി സ്‌മാരക കർഷകഭാരതി പുരസ്കാരവും മൂന്നാംവഴിക്കായിരുന്നു. എറണാകുളം ജില്ലയിലെ പള്ളിയാക്കൽ, കോരാമ്പാടം സഹകരണ ബാങ്കുകളുടെ കാർഷികപ്രവർത്തനങ്ങളെക്കുറിച്ച് വി.എൻ. പ്രസന്നൻ എഴുതിയ ഫീച്ചറുകൾക്കായിരുന്നു അര ലക്ഷം രൂപയുടെ പുരസ്കാരം.