കെ.വൈ.സി: പേ-ടിഎമ്മിന് പിന്നാലെ കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ നടപടി നേരിട്ടേക്കാം
പേ-ടിഎമ്മിന് പിന്നാലെ കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് ആര്‍.ബി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കെ.വൈ.സി (ഉപഭോക്താവിനെ അറിയുക) പ്രക്രിയയിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചാകും നടപടി.
കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ളവ അന്വേഷിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക്ക് ഫോഴ്‌സിൻ്റെ (എഫ്.എ.ടി.എഫ്) ഓഡിറ്റിനൊപ്പമാണ് ആർ.ബി.ഐ.യുടെ പരിശോധനയും നടക്കുന്നത്.
പരിശോധന നടന്നുവരുന്ന കമ്പനികളിൽ ഒരു ധനകാര്യ സ്ഥാപനവും വാലറ്റ് സേവന ദാതാവും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ഫിൻടെക് കമ്പനികളിലേറെയും ഉപഭോക്താക്കൾക്കും കടംകൊടുക്കുന്നവർക്കുമിടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പരമ്പരാഗത ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫിടൻടെക് കമ്പനികളുടെ കൈ.വൈ.സി സംവിധാനങ്ങൾ അത്ര ശക്തമല്ലെന്നാണ് ആർ.ബി.ഐ.യുടെ കണ്ടെത്തൽ. ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉപഭോക്താക്കളുടെ പണമിടപാടുകൾ പരിശോധിക്കുന്നതിന് ശക്തമായ സംവിധാനം ഉറപ്പുവരുത്തുകയെന്നതാണ് പരിഹാരമെന്ന് ധനകാര്യ വിദഗ്‌ധർ പറയുന്നു.
ബാങ്കിങ് മേഖലയുടെ നിയന്ത്രണം ആർബിഐക്കാണെങ്കിലും കള്ളപ്പണം വെളുപ്പിക്കൽ പോലുള്ളവ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അധികാരമുണ്ട്. സർക്കാരിന്റെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും(എഫ്.ഐ.യു) നികുതി വകുപ്പും കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച കാര്യങ്ങൾ നീരിക്ഷിച്ചുവരുന്നുണ്ട്.