കണ്ണൂരില്‍ ദേശീയപാതാ വികസനത്തിന്റെ മറവിൽ മണ്ണ് കടത്തുന്നു; നിരവധി പരാതികൾ അന്വേഷണത്തിൽ 

Share our post

കണ്ണൂർ: ദേശീയപാതാ വികസനത്തിൻ്റെ മറവിൽ അനധികൃത മണ്ണ് കടത്ത് വ്യാപകം. സ്വകാര്യവ്യക്തികളുടെ ഭൂമി നിരപ്പാക്കി നൽകുകയും അങ്ങനെ ലഭിക്കുന്ന മണ്ണ് ഉടമയ്ക്ക് പ്രതിഫലം നൽകാതെ ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യുന്ന സംഘമാണ് പിന്നിൽ. എതിർപ്പ് ഒഴിവാക്കാൻ ഹൈവേ വികസനത്തിനാണ് മണ്ണ് കൊണ്ടുപോകുന്നതെന്നാണ് ഇവർ നാട്ടുകാരോട് പറയുന്നത്.

ഇത്തരത്തിലുള്ള പത്തോളം പരാതികളെക്കുറിച്ച് റവന്യൂ അധികൃതർ അന്വേഷണമാരംഭിച്ചു. തളിപ്പറമ്പ്, മയ്യിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും അറിയുന്നു.

അനുമതിയില്ലാതെ മണ്ണെടുത്തവർക്ക് പണികിട്ടും

അനുമതിയില്ലാതെ മണ്ണെടുത്ത ഭൂമിയുടെ ഉടമസ്ഥർ ഒരു ടണ്ണിന് 40 രൂപ നിരക്കിൽ സർക്കാരിലേക്ക് റോയൽറ്റി അടയ്‌ക്കേണ്ടിവരും. വലിയ ടിപ്പറുകളിൽ 16 ടൺ വരെ മണ്ണ് കടത്താം. ഭൂമി നിരപ്പാക്കിത്തരാമെന്ന മണ്ണുകടത്ത് സംഘത്തിൻ്റെ വാഗ്‌ദാനം സ്വീകരിച്ച് സൗജന്യമായി ഇതിന് അനുമതി നൽകിയ ഭൂവുടമകളാണ് ഇപ്പോൾ വെട്ടിലായത്.

അവർക്ക് മണ്ണിന് പ്രതിഫലം കിട്ടിയില്ലെങ്കിലും എടുത്ത മണ്ണിൻ്റെ അളവനുസരിച്ച് അവർ റോയൽറ്റി അടയ്‌ക്കേണ്ടിവരും. ദേശീയപാതാ നിർമാണത്തിനായി ജില്ലയിൽ 10 കേന്ദ്രങ്ങളിൽ നിന്ന് മണ്ണെടുക്കാൻ ജിയോളജി അധികൃതർ അനുമതി നൽകിയിട്ടുണ്ട്.

കടന്നപ്പള്ളി, ആലപ്പടമ്പ്, മയ്യിൽ, പന്ന്യന്നൂർ, എടക്കാട്, മാവിലായി എന്നിവിടങ്ങളിൽ നിന്നാണിത്. പത്ത് കേന്ദ്രങ്ങളിൽ നിന്നുകൂടി മണ്ണെടുക്കാൻ ഉടൻ അനുമതി നൽകും.

ഹൈവേ വികസനത്തിന് നിശ്ചിത സ്ഥലത്തുനിന്ന് മണ്ണെടുക്കാൻ പാരിസ്ഥിതിക അനുമതി വേണ്ടെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.

വീടും കെട്ടിടങ്ങളും നിർമിക്കാനായി സ്ഥലമൊരുക്കാൻ മണ്ണെടുക്കുന്നതിന് വ്യവസ്ഥകളോടെ അനുമതിയുണ്ട്. 3000 ചതുരശ്രയടി വിസ്‌തൃതിയുള്ള കെട്ടിടം നിർമിക്കനാവശ്യമായ മണ്ണ് നീക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാം. അതിൽ കൂടുതൽ വിസ്‌തൃതിയിൽ മണ്ണെടുക്കുന്നതിന് ജിയോജളി അധികൃതരുടെ അനുമതി വേണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!